ബാങ്കുകൾ അക്കൗണ്ട് മരവിപ്പിക്കുന്നത് ഹൈക്കോടതി വിധി മറികടന്ന്
ഉപഭോക്താക്കളെ അറിയിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് നിയമവിരുദ്ധം
ന്യൂ ഡൽഹി: ഓൺലൈൻ പണമിടപാടിന്റെ പേരിൽ ബാങ്കുകൾ മുന്നറിയിപ്പില്ലാതെ അക്കൗണ്ട് മരവിപ്പിക്കുന്നത് ഹൈക്കോടതി വിധി മറികടന്ന്. കഴിഞ്ഞ വർഷം ഇറങ്ങിയ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിർണായക ഉത്തരവിൽ ക്രിമിനൽ നടപടി ചട്ടം 91 ഉപയോഗിച്ചു ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനാവില്ലെന്ന് പറയുന്നുണ്ട്.
ഉപഭോക്താക്കളെ അറിയിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് നിയമവിരുദ്ധം എന്ന് വ്യക്തമാക്കുന്നതാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ 2021ലെ വിധി. കേവലം ഒരു പരാതി ലഭിച്ചു കഴിഞ്ഞാൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ സാധിക്കില്ല എന്ന് ഈ വിധിയിലൂടെ വ്യക്തമാണെന്ന് സുപ്രീംകോടതി അഭിഭാഷകനായ സുൽഫിക്കർ അലി ചൂണ്ടികാട്ടി.
കേസിലെ ഹർജിക്കാരനായ മുഹമ്മദ് റിസ്വാൻ അൻസാരിക്കെതിരെ പൊലീസ് ക്രിമിനൽ നടപടി ചട്ടം 91 ചുമത്തിയാണ് പൊലീസ് കേസെടുത്തത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ ബാങ്ക് മാനേജർമാരോട് ഇദ്ദേഹത്തിന്റെ അക്കൗണ്ട് മരവിപ്പിക്കുവാൻ ആവശ്യപ്പെടുകയും അക്കൗണ്ടുകൾ ബാങ്ക് മരവിപ്പിക്കുകയുമായിരുന്നു. ബാങ്ക് തീരുമാനത്തിനെതിരെയാണ് മുഹമ്മദ് അൻസാരി കോടതിയെ സമീപിച്ചത്. കേസ് വിശദമായി പരിശോധിച്ചു കോടതി സെക്ഷൻ 91 പ്രകാരം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ ആകില്ലെന്ന് കണ്ടെത്തുകയും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച തീരുമാനം പിൻവലിക്കാൻ കോടതി ഉത്തരവിറക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെങ്കിൽ സെക്ഷൻ 101 ചുമത്തുകയും ജുഡീഷ്യൽ മജിസ്ട്രേറ്റ് വഴി നോട്ടീസ് നൽകണമെന്നും കോടതി നിരീക്ഷിച്ചു.