ഭാരത് ജോഡോ യാത്ര ഇന്ന് യു.പിയിൽ; എസ്.പി നേതാക്കൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

ആയിരക്കണക്കിന് പ്രവർത്തകർക്ക് ഒപ്പം ശ്രീനഗർ ലക്ഷ്യമാക്കി നീങ്ങുന്ന ഭാരത് ജോഡോ യാത്രവഴി രാജ്യത്തെ പ്രതിപക്ഷ ഐക്യനിര ശക്തമാക്കുക എന്നതും കോൺഗ്രസ് ലക്ഷ്യം വെക്കുന്നുണ്ട്.

Update: 2023-01-04 01:12 GMT
Advertising

ന്യൂഡൽഹി: പ്രതിപക്ഷ ഐക്യം ലക്ഷ്യംവെച്ച് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ഉത്തർപ്രദേശിൽ പര്യടനം നടത്തും. രണ്ടാംഘട്ടത്തിൽ സമാജ്‌വാദി പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെ ഭാരത യാത്രയുടെ ഭാഗമാക്കാനാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യം. മവികലയിൽ നിന്ന് ഇന്ന് ആരംഭിക്കുന്ന യാത്ര ഐലമിൽ അവസാനിക്കും.

ക്ഷണം ലഭിച്ചില്ല എന്ന കാരണത്താൽ അകന്ന് നിൽക്കുന്ന സമാജ്വാദി പാർട്ടി ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളെ യാത്രയിലേക്ക് ക്ഷണിക്കുകയാണ് രാഹുൽ ഗാന്ധി. ഒന്നാം ഘട്ടത്തെ അപേക്ഷിച്ച് ജനപങ്കാളിത്തവും രണ്ടാംഘട്ട ഭാരത് ജോഡോ യാത്രയിൽ കൂടുതലുണ്ട്. ആയിരക്കണക്കിന് പ്രവർത്തകർക്ക് ഒപ്പം ശ്രീനഗർ ലക്ഷ്യമാക്കി നീങ്ങുന്ന ഭാരത് ജോഡോ യാത്രവഴി രാജ്യത്തെ പ്രതിപക്ഷ ഐക്യനിര ശക്തമാക്കുക എന്നതും കോൺഗ്രസ് ലക്ഷ്യം വെക്കുന്നുണ്ട്. നടക്കാനിരിക്കുന്ന വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യം ബി.ജെ.പിക്ക് കാര്യമായ വെല്ലുവിളി ഉയർത്തുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

വർഗീയ കലാപം നടന്ന മുസഫർ നഗറിന് സമീപത്താണ് ഇന്ന് യാത്രയുടെ വിശ്രമം. മതന്യൂനപക്ഷങ്ങൾ ഇന്ന് യാത്രയിൽ അണിചേരുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന പാതകളിൽ ഉടനീളം ലഭിക്കുന്ന പിന്തുണ കോൺഗ്രസിന് നൽകുന്ന ആത്മവിശ്വാസം ഏറെയാണ്. ഉത്തർപ്രദേശിലെ പര്യടനം പൂർത്തിയാക്കുന്ന യാത്ര പഞ്ചാബിൽ പ്രവേശിക്കും. ഭരണം നഷ്ടപ്പെട്ട പഞ്ചാബിൽ കോൺഗ്രസിന് ശക്തി പ്രാപിക്കാനുള്ള അവസരമായും ഭാരത് ജോഡോ യാത്രയെ വിലയിരുത്തുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News