'എല്ലാ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ഭാരത് മാതാ'; സ്വാതന്ത്ര്യദിനാശംസകൾ നേര്‍ന്ന് രാഹുൽ ഗാന്ധി

എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ രാജ്യം ആഘോഷിക്കുകയാണ്

Update: 2023-08-15 05:05 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: രാജ്യത്തിന്റെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി എം.പി. എല്ലാ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ഭാരത മാതാവെന്ന് രാഹുൽ ഗാന്ധി സോഷ്യൽമീഡിയയിൽ കുറിച്ചു. 'എന്‍റെ പ്രിയപ്പെട്ട ഭാരത മാതാവിന് ഏതെങ്കിലുമൊരു പ്രത്യേക മതമോ ചരിത്രമോ സംസ്കാരമോ ഇല്ല. ഇന്ത്യ എന്നത് ഓരോ ഇന്ത്യക്കാരന്‍റെയും ശബ്ദമാണ്'. എല്ലാ ഭാരതീയർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ജോഡോ യാത്രയുടെ അനുഭവം ദൃശ്യ സന്ദേശമായി പുറത്തിറക്കിയാണ് രാഹുൽ ഗാന്ധി സ്വാതന്ത്ര്യ ദിനാശംസ നേർന്നത്.യാത്ര തുടര്‍ന്നപ്പോള്‍ നേരിട്ട വേദനകളും പ്രതിസന്ധികളും കടന്ന് യാത്ര തുടരാൻ സഹായിച്ച പ്രചോദനത്തെക്കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്. 'വാക്കുകൾ ഹൃദയത്തിൽ നിന്നാണെങ്കില്‍ അവ ഹൃദയത്തില്‍ പ്രവേശിക്കുമെന്ന' റൂമിയുടെ വാക്കുകള്‍ കടമെടുത്താണ് വീഡിയോ ആരംഭിക്കുന്നത്.

'കടല്‍തീരത്ത് നിന്ന് ആരംഭിച്ച നൂറ്റിനാൽപ്പത്തിയഞ്ച് ദിവസത്തെ ഭാരത് ജോഡോ യാത്ര ചൂടും പൊടിയും മഴയും കടന്ന് കാടും പട്ടണങ്ങളും കുന്നുകളും കടന്ന് എന്‍റെ പ്രിയപ്പെട്ട കശ്മീരിലെ മഞ്ഞുപുതഞ്ഞ മണ്ണിലാണ് അവസാനിപ്പിച്ചത്. യാത്ര തുടങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ കാല്‍മുട്ടിന് വേദന വന്നു.   കുറച്ച് ദിവസങ്ങൾക്കുള്ളിൽ എന്റെ ഫിസിയോ ഞങ്ങളോടൊപ്പം ചേർന്നു, അദ്ദേഹം വന്ന് എനിക്ക് വേണ്ട നിര്‍ദേശങ്ങള്‍ നൽകി. എന്നിട്ടും വേദന അവശേഷിച്ചു. യാത്ര അവസാനിപ്പിച്ചാലോ എന്ന് ചിന്തിക്കുന്ന സമയത്തെല്ലാം ആരെങ്കിലും എന്‍റെ അടുത്തെത്തുകയും യാത്ര തുടരാനുള്ള ഊര്‍ജം സമ്മാനിക്കുകയും ചെയ്യും.യാത്ര പുരോഗമിക്കും തോറും ആളുകളുടെ എണ്ണവും  വലുതായി'..അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.

'എന്റെ പ്രിയപ്പെട്ട ഭാരത് മാതാവ് വെറും ഭൂപ്രദേശം മാത്രമല്ല, അത് ഏതെങ്കിലുമൊരു ആശയ സംഹിതയോ പ്രത്യേക സംസ്‌കാരമോ ചരിത്രമോ മതമോ അല്ല. ആരെങ്കിലുമൊക്കെ നിശ്ചയിക്കപ്പെട്ട ഏതെങ്കിലും ജാതിയോ അല്ല. എന്റെ ഭാരത് മാതാവ് ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ്. അതിനി എത്ര ദുർബലമായാലും ഉച്ചത്തിലായാലും.. എല്ലാ ശബ്ദങ്ങൾക്ക് പിന്നിലും ആഴത്തിൽ മറഞ്ഞിരിക്കുന്ന സന്തോഷവും വേദനയും ഭയവുമൊക്കെയാണ് ഇന്ത്യ'.. രാഹുല്‍ പറയുന്നു.

അതേസമയം, ഇന്ത്യയിലിപ്പോൾ ഭാരത് മാതാ പോലും അസഭ്യവാക്കായെന്ന് കഴിഞ്ഞ ദിവസം രാഹുൽ വിമർശിച്ചിരുന്നു. രാഹുൽ ലോക് സഭയിൽ നടത്തിയ പ്രസംഗത്തിൽ നിന്ന് 24 വാക്കുകൾ സഭാ രേഖകളിൽ നിന്ന് നീക്കിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'നിങ്ങൾ രാജ്യദ്രോഹികളാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാതിരുന്നത്. നിങ്ങൾ ഭാരത് മാതാവിന്റെ സംരക്ഷകരല്ല. മണിപ്പൂരിൽ എല്ലായിടത്തും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയാണു നിങ്ങൾ ചെയ്തത്. അതുതന്നെയാണിപ്പോൾ ഹരിയാനയിലും ശ്രമിക്കുന്നത്'-  പ്രസംഗത്തിൽ രാഹുൽ ആരോപിച്ചിരുന്നു. 

രാഹുൽ ഗാന്ധിയുടെ പരാമർശം മാപ്പ് അർഹിക്കാത്തതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിപ്രായപ്പെട്ടിരുന്നു. രാഹുലിന്റെ പരാമർശം ഇന്ത്യയിലെ ജനങ്ങളെ വേദനിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിലുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ ചർച്ചക്കുള്ള മറുപടി പ്രസംഗത്തിൽ പറഞ്ഞിരുന്നു.

അതേസമയം, എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ രാജ്യം ആഘോഷിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി  ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി  പതാക ഉയർത്തി. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ മണിപ്പൂർ സംഘർഷം പരാമർശിച്ചാണ് മോദി തുടങ്ങിയത്. മണിപ്പൂരിലുണ്ടായത് ദൗർഭാഗ്യകരമായ സംഭവമാണെന്നും അവിടെ സമാധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവർക്കും രക്തസാക്ഷികളായവർക്കുമെല്ലാം ആദരാജ്ഞലി അർപ്പിച്ചായിരുന്നു പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനമായ എന്റെ നാട് ജനസംഖ്യയുടെ കാര്യത്തിലും ലോകത്തെ ഏറ്റവും വലിയ രാജ്യമായിരിക്കുകയാണെന്നും എന്റെ 140 കോടി കുടുംബാംഗങ്ങളും സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിലാണെന്നും മോദി പറഞ്ഞു. തുടർന്നായിരുന്നു മണിപ്പൂരിലേക്കു കടന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി അക്രമപരമ്പരകൾക്കാണ് മണിപ്പൂർ സാക്ഷിയായത്. ഒരുപാടുപേർക്കു ജീവൻ നഷ്ടമായി. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും അഭിമാനത്തിനു ക്ഷതമേറ്റു. എന്നാൽ, മേഖലയിൽ പതുക്കെ സമാധാനം തിരിച്ചുവരികയാണ്. സമാധാനത്തിലൂടെ മാത്രമേ പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാകൂ. പരിഹാരമുണ്ടാക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. രാജ്യം മണിപ്പൂരിനൊപ്പമുണ്ട്-നരേന്ദ്ര മോദി പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News