പരീക്ഷാ കേന്ദ്രം മുഴുവന്‍ പെൺകുട്ടികൾ; പന്ത്രണ്ടാം ക്ലാസുകാരൻ ബോധം കെട്ടുവീണു
500 പെൺകുട്ടികൾക്കിടയിൽ ഒറ്റ ആൺകുട്ടിയെ ഇരുത്തിയതുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് കുടുംബം ആരോപിച്ചു.
നളന്ദ: പരീക്ഷാകേന്ദ്രത്തിലെത്തിയാൽ പരിഭ്രമമോ ഭയമോ ഒരിക്കലെങ്കിലും അനുഭവപ്പെടാത്തവർ ചുരുക്കമായിരിക്കും. പരീക്ഷാപ്പേടിയും പഠിച്ചതെല്ലാം ഓർമയുണ്ടാകുമോ എന്നൊക്കെയായിരിക്കും അതിന് കാരണം. ബിഹാറിലും പന്ത്രണ്ടാം ക്ലാസുകാരനും പരീക്ഷാഹാളിൽ തലകറങ്ങിവീണു..പക്ഷേ കാരണം പരീക്ഷാപേടിയല്ലായിരുന്നു.
ഹാളിൽ കയറിയപ്പോൾ മുഴുവൻ പെൺകുട്ടികൾ. 500 പെണ്‍കുട്ടികളായിരുന്നു ആ പരീക്ഷാകേന്ദ്രത്തിലുണ്ടായിരുന്നത്. അവര്‍ക്കിടയിലെ ഏക ആൺകുട്ടി താനാണെന്ന് അവന്‍ മനസിലാക്കി. ഇതോടെയാണ് ബോധം പോയത്. നളന്ദയിലെ ബ്രില്ല്യന്റ് കോൺവെന്റ് പ്രൈവറ്റ് സ്‌കൂളിലാണ് സംഭവം. പരീക്ഷാകേന്ദ്രത്തില്‍ അത്രയും പെണ്‍കുട്ടികള്‍ക്കിടയില്‍ ഒറ്റക്കായെന്ന് തോന്നിയപ്പോഴുണ്ടായ പരിഭ്രമത്തിലാണ് ബോധരഹിതനായതെന്ന് ആൺകുട്ടിയുടെ അമ്മായി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
ബോധരഹിതനായ കുട്ടിയെ ഉടന്‍ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്തു. മണിക്കൂറുകൾക്ക് ശേഷം മകന് ബോധം തിരിച്ചുകിട്ടിയതായി പിതാവ് സച്ചിദാനന്ദ പ്രസാദ് പറഞ്ഞു. 500 പെൺകുട്ടികൾക്കിടയിൽ ഒറ്റ ആൺകുട്ടിയെ ഇരുത്തിയതുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് കുടുംബം ആരോപിച്ചു.
ഫെബ്രുവരി 1 നാണ് ബീഹാറിൽ ഹയര്‍സെക്കന്‍റഡി ബോർഡ് പരീക്ഷ ആരംഭിച്ചത്. പരീക്ഷക്കായി സംസ്ഥാനത്ത് 1464 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ബിഹാർ സ്കൂൾ പരീക്ഷാ കമ്മിറ്റിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.