മൂന്നാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചു; ബിഹാറില്‍ മേയറെ അയോഗ്യയാക്കി
2022 ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാഖി ഗുപ്ത തന്റെ രണ്ട് മക്കളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് നൽകിയത്
പട്ന: മൂന്നാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചതിന് ബിഹാറില്‍ വനിതാ മേയറെ അയോഗ്യയാക്കി. ബിഹാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് നടപടി. ഛപ്ര മേയറായ രാഖി ഗുപ്തയെയാണ് അയോഗ്യയാക്കിയത്.
2022 ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാഖി ഗുപ്ത തന്റെ രണ്ട് മക്കളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് നൽകിയത്. മൂന്നാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെക്കുകയും ചെയ്‌തെന്നാണ് പരാതി. മുൻ മേയർ സുനിതാ ദേവിയുടെ പരാതിയിൽ അഞ്ച് മാസത്തെ തുടർച്ചയായ വാദം കേൾക്കലിന് പിന്നാലെയാണ് ബിഹാർ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തത്.
രാഖി ഗുപ്തയ്ക്കും ഭർത്താവ് വരുൺ പ്രകാശിനും മൂന്നാമത്തെ കുട്ടിയുണ്ടെന്ന് തെളിയിക്കുന്ന റിപ്പോർട്ട് ശരൺ ജില്ലാ മജിസ്ട്രേറ്റ് ബിഹാർ എസ്ഇസിക്ക് സമർപ്പിച്ചു. എന്നാൽ, ആ കുട്ടിയെ വരുൺ പ്രകാശിന്റെ ബന്ധുക്കൾ ദത്തെടുത്തതാണെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്.കുട്ടിയുടെ ആധാർ വിവരങ്ങളിൽ രാഖി ഗുപ്ത, വരുൺ പ്രകാശ് എന്നിവരുടെ പേരുകളും ബയോളജിക്കൽ മാതാപിതാക്കളായി ഉണ്ടെന്ന് ഡിഎമ്മിന്റെ റിപ്പോർട്ടിലുണ്ട്.
അതേസമയം, ആറുവയസുള്ള മകനെ ഭർത്താവിന്റെ ബന്ധുക്കൾ നിയമപരമായി ദത്തെടുത്തതാണെന്നും അതുകൊണ്ട് തനിക്ക് രണ്ടുകുട്ടികൾ മാത്രമേയൊള്ളുവെന്നുമാണ് രാഖി ഗുപ്തയുടെ വിശദീകരണം. 'ബിഹാർ എസ്ഇസിയുടെ തീരുമാനത്തെ മാനിക്കുന്നു. എന്നാൽ മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ചതു മുതൽ പ്രതിപക്ഷം എന്റെ പിന്നാലെയുണ്ട്. ഇത് എന്റെ തോൽവിയല്ല, എന്നെ തെരഞ്ഞെടുത്ത ജനങ്ങളുടെ തോൽവിയാണെന്നും' രാഖി പറഞ്ഞു. അയോഗ്യതയാക്കിയ നടപടിക്കെതിരെ രാഖി ഗുപ്ത പട്ന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പ് അറിയപ്പെടുന്ന മോഡലായിരുന്നു രാഖി ഗുപ്ത. 2021-ൽ നടന്ന ഐ-ഗ്ലാം മിസിസ് ബിഹാർ മോഡലിംഗ് മത്സരത്തിൽ റണ്ണേഴ്സ് അപ്പ് സ്ഥാനം കരസ്ഥമാക്കിയിട്ടുമുണ്ട്.