ബിൽക്കീസ് ബാനു കേസ്; സമയം നീട്ടി ചോദിച്ച് പ്രതികൾ
കീഴടങ്ങാൻ വിളവെടുപ്പ് കഴിയുന്നത് വരെ സമയം നൽകണമെന്ന് പ്രതികളിലൊരാൾ
ന്യൂഡൽഹി: ജയിലിൽ മടങ്ങി എത്താൻ കൂടുതൽ സമയം ചോദിച്ച് ബിൽക്കിസ് ബാനു കേസിലെ പ്രതികൾ. മൂന്ന് പ്രതികളാണ് സുപ്രിംകോടതിയിൽ അപേക്ഷ നൽകിയത്. ജയിൽ മോചിതരായവർ 21 നകം കീഴടങ്ങണമെന്ന വിധി നിലനിൽക്കെയാണ് അപേക്ഷ. പ്രതികളുടെ ഹരജി കോടതി നാളെ പരിഗണിക്കും.
മൂന്ന് പ്രതികളാണ് കീഴടങ്ങാൻ സമയം നീട്ടിച്ചോദിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്. ആറ് ആഴ്ചകളെങ്കിലും കീഴടങ്ങാൻ അനുവദിക്കണം എന്നാണ് ആവശ്യം. തിമിര ശസ്ത്രക്രിയ കഴിഞ്ഞതിനാൽ വിശ്രമം വേണമെന്ന് കാട്ടിയാണ് ഒരു പ്രതി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. വയോധികരായ മാതാപിതാക്കളെ പരിചരിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടാണ് മറ്റൊരു പ്രതിയുടെ അപേക്ഷ. വിളവെടുപ്പ് കാലമായതിനാൽ ഇതിന് ശേഷം കീഴടങ്ങാൻ അനുവദിക്കണമെന്നാണ് മൂന്നാമത്തെ പ്രതിയുടെ ഹരജി. ജസ്റ്റിസ് ചിദംബരേശ്വനാണ് മൂന്ന് പ്രതികളുടെയും ഹരജി മെൻഷൻ ചെയ്തത്.
ഞായറാഴ്ചയാണ് പ്രതികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്നതിനാൽ നാളെ തന്നെ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹരജി പരിഗണിക്കാനാണ് സാധ്യത.