'ക്രമസമാധാനം തകർക്കാൻ അനുവദിക്കില്ല'; ബംഗാളിൽ അക്രമം നടന്ന ഗ്രാമം സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളെ തടഞ്ഞു

തൃണമൂൽ കോൺഗ്രസ് നേതാവ് ബാദു ഷെയ്ഖ് ബോംബേറിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. അക്രമികൾ വീടിന് തീവെച്ചതിനെ തുടന്ന് എട്ടുപേർ വെന്തുമരിച്ചു

Update: 2022-03-24 09:55 GMT
Advertising

പശ്ചിമ ബംഗാളിൽ അക്രമം നടന്ന ബോഗ്തൂയ് ഗ്രാമം സന്ദർശിക്കാനെത്തിയ കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ റോഡിലിരുന്ന് പ്രതിഷേധിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഭിർഭും ജില്ലയിലെ ബോഗ്തൂയ് ഗ്രാമത്തിൽ എട്ടുപേരെ അക്രമികൾ കത്തിച്ചുകൊലപ്പെടുത്തിയത്.

''മുഖ്യമന്ത്രി മമതാ ബാനർജി ഗ്രാമം സന്ദർശിക്കാൻ എത്തിക്കൊണ്ടിരിക്കുകയാണ്. ക്രമസമാധാനം തകരാനുള്ള ഒരു സാഹചര്യവും അനുവദിക്കില്ല. ഇപ്പോൾ കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. അധീർ രഞ്ജൻ ചൗധരിയുടെ സന്ദർശനം ക്രമസമാധാനം തകരാൻ കാരണമാവുമോയെന്ന ഞങ്ങൾക്ക് ഭയമുണ്ട്''- മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സിഐഡി അഡീഷണൽ ഡയരക്ടർ ജനറൽ ഗ്യാൻവന്ത് സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഗ്രാമത്തിലെത്തിയിട്ടുണ്ട്. അക്രമത്തെ തുടർന്ന് ഗ്രാമത്തിൽനിന്ന് ഓടിപ്പോയ കുടുംബങ്ങളുമായി ഉന്നത പൊലീസ് സംഘം കൂടിക്കാഴ്ച നടത്തി. ഗ്രാമത്തിലേക്ക് തിരിച്ചുവരണമെന്നും പൂർണസുരക്ഷ ഉറപ്പാക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ ഇവരെ അറിയിച്ചു.

തൃണമൂൽ കോൺഗ്രസ് നേതാവ് ബാദു ഷെയ്ഖ് ബോംബേറിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. അക്രമികൾ വീടിന് തീവെച്ചതിനെ തുടർന്ന് എട്ടുപേർ വെന്തുമരിച്ചത്. പ്രദേശത്തെ പന്ത്രണ്ടോളം വീടുകൾ അക്രമികൾ തീവെച്ച് നശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News