ലൈംഗികശക്തി കുറയ്ക്കുന്നു; ബിരിയാണി കടകൾ അടപ്പിച്ച് തൃണമൂൽ നേതാവ്
കൂച്ച് ബിഹാറിലെ ഭവാനിഗഞ്ച് മാർക്കറ്റിലുള്ള ഷാനിദേവ് ക്ഷേത്രത്തിനു തൊട്ടടുത്താണ് രണ്ട് ബിരിയാണി കടയും പ്രവർത്തിച്ചിരുന്നത്
കൊൽക്കത്ത: ലൈംഗികശക്തി കുറയ്ക്കുന്നുവെന്ന് ആരോപിച്ച് ബംഗാളിൽ ബിരിയാണി കടകൾ അടപ്പിച്ച് തൃണമൂൽ നേതാവ്. മുൻ ബംഗാൾ വികസന മന്ത്രി കൂടിയായ രബീന്ദ്രനാഥ് ഘോഷ് ആണ് കൂച്ച് ബിഹാറിലെ രണ്ട് ബിരിയാണി കടകൾ അടപ്പിച്ചത്. കൂച്ച് ബിഹാർ നഗരസഭാ ചെയർമാൻ കൂടിയാണ് ഇദ്ദേഹം.
രണ്ടു കടയിലും പുരുഷന്മാരുടെ ലൈംഗികശക്തി കുറയ്ക്കുന്ന തരത്തിലുള്ള മസാലകൾ ബിരിയാണിയിൽ ഉപയോഗിക്കുന്നുവെന്നാണ് രബീന്ദ്രനാഥ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേനാളായി നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്നാണ് കടകളിൽ റെയ്ഡ് നടത്തിയതെന്ന് തൃണമൂൽ നേതാവ് പറഞ്ഞു.
എന്നാൽ, പരാതിയുടെ അടിസ്ഥാനത്തിൽ മാത്രമല്ല കടകൾ അടപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധനയ്ക്കിടെ രണ്ടു കടയും ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമായി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്ന് രബീന്ദ്രനാഥ് ഘോഷ് വിശദീകരിച്ചു.
കൂച്ച് ബിഹാറിലെ ഭവാനിഗഞ്ച് മാർക്കറ്റിലുള്ള ഷാനിദേവ് ക്ഷേത്രത്തിനു തൊട്ടടുത്താണ് രണ്ട് ബിരിയാണി കടയും പ്രവർത്തിച്ചിരുന്നത്. ബിഹാർ സ്വദേശികളാണ് കടയുടമകൾ. ഞായറാഴ്ചയാണ് നഗരസഭാ ഉദ്യോഗസ്ഥരുമായി ഇവിടെ രബീന്ദ്രനാഥ് എത്തിയത്. പരാതി ഉന്നയിച്ചപ്പോൾ കടക്കാർ ഇത് നിഷേധിച്ചു. എന്നാൽ, കൂടുതൽ സംസാരമായതോടെ അതു വാക്കുതർക്കത്തിലെത്തുകയായിരുന്നു. തുടർന്നാണ് കടകൾ അടച്ചുപൂട്ടാൻ നഗരസഭാ ചെയർമാൻ ഉത്തരവിട്ടത്.
Summary: 'Biryani spices reducing male sex drive': TMC leader and former development minister Rabindra Nath Ghosh orders shutting down of shops in West Bengal