പ്രധാനമന്ത്രിയെ പ്രശംസിച്ച് ഉമർ അബ്ദുല്ല ; പിന്നാലെ ഇൻഡ്യാ സഖ്യത്തെ ആക്രമിച്ച് ബിജെപി.
തെരഞ്ഞെടുപ്പ് കമ്മീഷനെയും പ്രക്രിയകളെയും ചോദ്യം ചെയ്യുന്നവർക്ക് മുന്നിൽ കണ്ണാടിയാണ് ഉമർ അബ്ദുല്ലയുടെ വാക്കുകളെന്ന് ബിജെപി വക്താവ്
ശ്രീനഗർ : ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന വാഗ്ദാനം പാലിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല പ്രശംസിച്ചതിന് പിന്നാലെ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ തങ്ങളുടെ പങ്കാളിയിൽ നിന്ന് പാഠം പഠിക്കാൻ ആവശ്യപ്പെട്ട് ബിജെപി.
തെരഞ്ഞെടുപ്പ് കമ്മീഷനെയും തെരഞ്ഞെടുപ്പ് പ്രക്രിയകളെയും ചോദ്യം ചെയ്യുന്നവർക്ക് മുന്നിൽ കണ്ണാടിയാണ് ഒമർ അബ്ദുള്ളയുടെ വാക്കുകളെന്നാണ് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞത്. പ്രതിപക്ഷ പാർട്ടികൾ, പ്രത്യേകിച്ച് കോൺഗ്രസ്, ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവർ ഉമറിൽ നിന്ന് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
"നിങ്ങൾ തെരഞ്ഞെടുപ്പിൽ ജയിക്കുമ്പോഴെല്ലാം, തെരഞ്ഞെടുപ്പ് പ്രക്രിയയെ പ്രശംസിക്കുന്നു. എന്നാൽ തോൽക്കുമ്പോൾ, തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്യുന്നു. ഉമർ അബ്ദുല്ല അവർക്കൊരു ഒരു കണ്ണാടി കാണിച്ചുകൊടുത്തു, അവർ ഇതിൽ നിന്ന് ഒരു പാഠം പഠിക്കണം," ഷെഹ്‌സാദ് പൂനവാല പറഞ്ഞു
ഗണ്ടേർബാൽ ജില്ലയിലെ 'സോണാമാർഗ് ടണൽ' ഉദ്ഘാടന വേദിയിലാണ് പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി ഉമർ അബ്ദുല്ല സംസാരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന വാഗ്ദാനം നിറവേറ്റിയതിനും, തെരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിയുക്തവുമാണെന്ന് ഉറപ്പുവരുത്തിയതിനും അദ്ദേഹം മോദിയെ പ്രശംസിച്ചു. ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കഴിഞ്ഞ വർഷം യോഗ ദിനത്തിൽ മോദി നൽകിയ വാഗ്ദാനം പ്രവർത്തികമാക്കിയതിനെകുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു.