'മമതാ ബാനര്‍ജി സ്ത്രീകള്‍ക്ക് ശാപമാണ്'; യുവതിയെയും യുവാവിനെയും തെരുവിലിട്ട് മർദിച്ച സംഭവത്തില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം
ബംഗാളിലെ എല്ലാ ഗ്രാമങ്ങളിലും ഒരു സന്ദേശ്ഖാലിയുണ്ടെന്ന് ബി.ജെ.പി
കൊൽക്കത്ത: ആൾക്കൂട്ടം നോക്കിനിൽക്കെ യുവതിയെയും യുവാവിനെയും തെരുവിലിട്ട് മർദിച്ച സംഭവത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനം. വടക്കൻ ബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിലെ ചോപ്രയിലാണ് വിവാദമായ സംഭവം നടന്നത്. ആൾക്കൂട്ടം നോക്കി നിൽക്കെ തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവെന്ന് പറയപ്പെടുന്ന തജെമുൾ എന്നയാൾ യുവതിയെയും യുവാവിനെയും ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
പശ്ചിമ ബംഗാളിലെ മമതാ ബാനർജിയുടെ ഭരണത്തിന്റെ വൃത്തികെട്ട മുഖമാണിതെന്ന് ബി.ജെ.പിയും സിപിഎമ്മും വിമർശിച്ചു. 'ബംഗാളിലെ എല്ലാ ഗ്രാമങ്ങളിലും ഒരു സന്ദേശ്ഖാലിയുണ്ട്, മുഖ്യമന്ത്രി മമതാ ബാനർജി സ്ത്രീകൾക്ക് ഒരു ശാപമാണ്. ബംഗാളിൽ ക്രമസമാധാന പാലനമൊന്നുമില്ല'.. ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പ്രദേശികമായ തർക്കങ്ങൾക്ക് തൽക്ഷണ നീതി നടപ്പാക്കുന്ന തൃണമൂൽ നേതാവാണ് വീഡിയോയിൽ യുവതിയടക്കം ക്രൂരമായി മർദിക്കുന്നതെന്നും ഇവർ ആരോപിച്ചു. എന്നാൽ വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏത് രാഷ്ട്രീയ ബന്ധമുള്ളവരാണെങ്കിലും പ്രതികളെ വെറുതെ വിടില്ലെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. 'ബിജെപി പറയുന്നത് അടിസ്ഥാനരഹിതമാണ്, പ്രതി ആരാണെന്നോ അയാളുടെ രാഷ്ട്രീയ ബന്ധം എന്താണെന്നോ ഞങ്ങൾ അന്വേഷിക്കുന്നില്ല. ഇയാളെ പിടികൂടിയാലുടൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തൃണമൂൽ വക്താവ് റിജു ദത്ത പറഞ്ഞു.