രന്യ റാവുവിനും സംസ്ഥാന അധ്യക്ഷനുമെതിരായ പരാമർശം; കർണാടക എംഎൽഎയെ പുറത്താക്കി ബിജെപി

പാർട്ടി വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് നടപടിയെന്ന് ബിജെപി കേന്ദ്ര അച്ചടക്ക സമിതി സെക്രട്ടറി കത്തിൽ പറഞ്ഞു.

Update: 2025-03-27 12:36 GMT
BJP expels Karnataka MLA Basanagouda Patil Yatnal for anti-party remarks
AddThis Website Tools
Advertising

ബെം​ഗളൂരു: കർണാടകയിൽ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിനെതിരെ അശ്ലീല പരാമർശം നടത്തുകയും പാർട്ടി സംസ്ഥാന അധ്യക്ഷനെതിരെ ആരോപണമുയർത്തുകയും ചെയ്ത എംഎൽഎയെ പുറത്താക്കി ബിജെപി. വിജയപുര എംഎൽഎ ബസന​ഗൗഡ പാട്ടീൽ യത്നാലിനെയാണ് ബിജെപി ആറ് വർഷത്തേക്ക് പുറത്താക്കിയത്.

പാർട്ടി വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് നടപടിയെന്ന് ബിജെപി കേന്ദ്ര അച്ചടക്ക സമിതി സെക്രട്ടറി ഓം പഥക് യത്നാലിനുള്ള കത്തിൽ പറഞ്ഞു. സംസ്ഥാന അധ്യക്ഷനുൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കെതിരെ തുടർച്ചയായി പരാമർശങ്ങളുമായി രം​ഗത്തെത്തിയതോടെയാണ് നടപടി.

'2025 ഫെബ്രുവരി 10ലെ കാരണംകാണിക്കൽ നോട്ടീസിനോടുള്ള നിങ്ങളുടെ പ്രതികരണം കേന്ദ്ര അച്ചടക്ക സമിതി പരിഗണിക്കുകയും മുൻ കാരണംകാണിക്കൽ നോട്ടീസുകൾക്ക് മറുപടിയായി നല്ല പെരുമാറ്റമുണ്ടാവുമെന്ന് ഉറപ്പുനൽകിയിട്ടും വീണ്ടും പാർട്ടി അച്ചടക്കത്തിന്റെ ആവർത്തിച്ചുള്ള ലംഘനങ്ങളുണ്ടാവുന്നത് പാർട്ടി ഗൗരവമായി എടുക്കുകയും ചെയ്യുന്നു. അതനുസരിച്ച് നിങ്ങളെ പാർട്ടിയുടെ പ്രാഥമികാം​ഗത്വത്തിൽനിന്നും ആറ് വർഷത്തേക്ക് പുറത്താക്കാൻ തീരുമാനിച്ചിരിക്കുന്നു. നിങ്ങൾ വഹിച്ചുപോരുന്ന എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും നീക്കുന്നു'- കത്തിൽ വിശദമാക്കുന്നു.

വിവാദങ്ങളുടെ ഉറ്റതോഴനാണ് ബസന​ഗൗഡ പാട്ടീൽ. അടുത്തിടെയാണ് രന്യ റാവുവിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും പാർട്ടിയുടെ സംസ്ഥാന മേധാവി ബി.വൈ വിജയേന്ദ്രക്കെതിരെ അഴിമതി, അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ആരോപിക്കുകയും ചെയ്തത്.

അടുത്തിടെ പാർട്ടി നേതൃത്വത്തിനെതിരെ രം​ഗത്തെത്തിയ യത്നാൽ, തന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്കോ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കോ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചിരുന്നു. 'ഞാൻ ആരെയും കൊള്ളയടിച്ചിട്ടില്ല, ആരെയും മോശമായി സംസാരിച്ചിട്ടില്ല, ആരുടെയും വീട് തകർത്തിട്ടില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല'- സഹപ്രവർത്തകരെ പരോക്ഷമായി വിമർശിച്ച് യത്നാൽ പറഞ്ഞു.

2024 ഡിസംബറിൽ വിജയേന്ദ്രയെ പരസ്യമായി വിമർശിച്ചതിനെത്തുടർന്ന് യത്‌നാലിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 32 ജില്ലാ പ്രസിഡന്റുമാർ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് അപേക്ഷ നൽകിയിരുന്നു. അതേസമയം, രന്യ റാവുവിനെതിരായ പരാമർശത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ബെം​ഗളൂരുവിലെ ​ഹൈ​ഗ്രൗണ്ട് പൊലീസ് സ്റ്റേഷനിലാണ് യത്നാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

യത്നാൽ ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും ഇത് മാനനഷ്ടത്തിന് തുല്യമാണെന്നും ആരോപിച്ച് രന്യ റാവുവിനു വേണ്ടി അകുല അനുരാധയെന്ന അഭിഭാഷകയാണ് പരാതി നൽകിയത്. ഇതിൽ ഭാരതീയ ന്യായ് സംഹിത സെക്ഷൻ 79 (സ്ത്രീയെ അപമാനിക്കൽ) പ്രകാരമാണ് മാർച്ച് 19ന് കേസ് രജിസ്റ്റർ ചെയ്തത്.




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News