'സംഭലിലെ സംഘർഷത്തിന് ഉത്തരവാദി ​യുപിയിലെ ബിജെപി സർക്കാർ'; വിമർശനവുമായി രാഹുൽ ​ഗാന്ധി

'ബിജെപി ഹിന്ദു- മുസ്‌ലിം സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പിന് ശ്രമിക്കുന്നു'

Update: 2024-11-25 07:47 GMT
Advertising

ന്യൂഡൽ​​​ഹി: ഉത്തർപ്രദേശിലെ സംഭലിലുണ്ടായ അക്രമാസക്തമായ സംഘർഷത്തിന് ഉത്തരവാദി യുപിയിലെ ബിജെപി സർക്കാരാണെന്നാരോപിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി. സംസ്ഥാന സർക്കാരിൻ്റെ പക്ഷപാതപരമായ സമീപനം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം വിമർശനമുന്നയിച്ചു. അക്രമത്തിലും വെടിവെപ്പിലും മരിച്ചവർക്ക് അനുശോചനവും അദ്ദേഹം രേഖപ്പെടുത്തി. എക്സിലൂടെയായിരുന്നു രാ​ഹുലിൻ്റെ പ്രതികരണം.

'എല്ലാ കക്ഷികളുടേയും വാക്കുകൾ കേൾക്കാതെയുള്ള ഭരണകൂടത്തിൻ്റെ നിർവികാരമായ നടപടി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഇതാണ് നിരവധി ആളുകളുടെ മരണത്തിന് കാരണമായത്. ഇതിന് ബിജെപി സർക്കാർ നേരിട്ട് ഉത്തരവാദികളാണ്. ബിജെപി ഹിന്ദു- മുസ്‌ലിം സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പിന് ശ്രമിക്കുന്നു. എത്രയും വേഗം സുപ്രിംകോടതി ഇടപെട്ട് നീതി ഉറപ്പാക്കണ'മെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

'സമാധാനവും പരസ്പര ഐക്യവും നിലനിർത്തണമന്നാണ് എൻ്റെ അഭ്യർഥന. വർഗീയതയും വിദ്വേഷത്തിലൂടെയുമല്ല, ഐക്യത്തിൻ്റെയും ഭരണഘടനയുടെയും പാതയിലൂടെയാണ് ഇന്ത്യ മുന്നേറേണ്ടതെ'ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട് എംപി പ്രിയങ്ക ​ഗാന്ധിയും യുപി സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. 'സംസ്ഥാനസർക്കാരിൻ്റെ സമീപനം ദൗർഭാ​ഗ്യകരമാണ്. അധികാരത്തിലിരുന്ന് വിവേചനവും അടിച്ചമർത്തലും ഭിന്നിപ്പും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് ജനങ്ങളുടെ താൽപ്പര്യമോ രാജ്യതാൽപ്പര്യമോ അല്ല. സുപ്രിം കോടതി വിഷയത്തിൽ ഇടപെട്ട് നീതി നടപ്പാക്കണം.'- പ്രിയങ്ക പറഞ്ഞു.

ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ സംഭൽ ശാഹി ജമാ മസ്ജിദ് സർവെയുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്ന​​ലെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. മസ്ജിദ് സ്ഥിതി ചെയ്യുന്നത് പണ്ട് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണോയെന്ന് പരിശോധിക്കാൻ നടത്തിയ സർവ്വേയാണ് കല്ലേറിലും സംഘർഷത്തിലും കലാശിച്ചത്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News