ഏക്‌നാഥ് ഷിൻഡെയെ ബിജെപി മുഖ്യമന്ത്രിയാക്കിയത് മുംബൈ ശിവസേനയിൽനിന്ന് പിടിച്ചെടുക്കാനെന്ന് സഞ്ജയ് റാവത്ത്
പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ വെള്ളിയാഴ്ച സഞ്ജയ് റാവത്തിനെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തിരുന്നു
മുംബൈ: ഏക്‌നാഥ് ഷിൻഡെയെ ബിജെപി മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കിയത് മുംബൈയിൽ ശിവസേനയുടെ സ്വാധീനം ഇല്ലാതാക്കാനാണെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതനീക്കത്തെ തുടർന്ന് ജൂൺ 29നാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജിവെച്ചത്. 30ന് ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി അധികാരമേറ്റു. ദേവന്ദ്ര ഫഡ്‌നാവിസാണ് ഉപമുഖ്യമന്ത്രി.
''ഷിൻഡെ ശിവസേനക്കാരനല്ലെന്ന് ഉദ്ധവ് താക്കറെ ഇന്നലെ വ്യക്തമാക്കിയതാണ്. അടുത്ത വർഷം തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മുംബൈയിൽ ശിവസേനയെ തോൽപ്പിക്കാൻ ഷിൻഡെയെ ഉപയോഗിക്കുകയാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു'' - സഞ്ജയ് റാവത്ത് പറഞ്ഞു.
രണ്ട് പതിറ്റാണ്ടിലേറെയായി ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപറേഷൻ (ബിഎംസി) ഭരിക്കുന്നത് ശിവസേനയാണ്. കോൺഗ്രസ് നിരവധി തവണ പിളർന്നെങ്കിലും ഇന്ദിരാ ഗാന്ധിയുടെ കോൺഗ്രസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതുപോലെ താക്കറെ ഉള്ളിടത്താണ് ശിവസേന ഉണ്ടാവുകയെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ വെള്ളിയാഴ്ച സഞ്ജയ് റാവത്തിനെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തിരുന്നു. ''10 മണിക്കൂറോളമാണ് ഇ.ഡി എന്നെ ഗ്രിൽ ചെയ്തത്. കൂടുതൽ എന്തെങ്കിലും വിവരം വേണമെങ്കിൽ ഇനിയും സഹകരിക്കാമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. ഞാൻ തെറ്റായി ഒന്നും ചെയ്യാത്ത കാലത്തോളം ഭയപ്പെടേണ്ട ആവശ്യമില്ല. സത്യം എന്നോടൊപ്പമാണ്'' - റാവത്ത് പറഞ്ഞു.