'വനിതകൾക്ക് പ്രതിമാസം 2100 രൂപ, അഗ്നിവീറുകൾക്ക് സർക്കാർ ജോലി'; ഹരിയാനയിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി
കഴിഞ്ഞദിവസം കോൺഗ്രസ് ഏഴ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്.
ചണ്ഡീഗഢ്: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഹരിയാനയിൽ വിവിധ വാഗ്ദാനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി. 24 വിളകൾ മിനിമം താങ്ങുവിലയ്ക്ക് സംഭരിക്കും, വനിതകൾക്ക് പ്രതിമാസം 2100 രൂപ സഹായം, ഹരിയാനയിലെ എല്ലാ അഗ്നിവീറിനും സർക്കാർ ജോലി തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.
രണ്ട് ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലി ഉറപ്പാക്കും, നഗരങ്ങളിലും ഗ്രാമങ്ങളിലുമായി ഏകദേശം അഞ്ച് ലക്ഷത്തോളം വീടുകൾ പാവങ്ങൾക്കായി നിർമിച്ചുനൽകും, അഗ്നിവീറുകളുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, ഗ്രാമീണ മേഖലയിലെ കോളജ് വിദ്യാർഥികൾക്ക് സൗജന്യ സ്‌കൂട്ടർ, പത്ത് വ്യവസായ നഗരങ്ങൾ സൃഷ്ടിക്കും, ഇവിടെ 50000 യുവാക്കൾക്ക് ജോലി ഉറപ്പാക്കും തുടങ്ങിയവയാണ് മറ്റു വാഗ്ദാനങ്ങൾ.
കഴിഞ്ഞദിവസം കോൺഗ്രസ് ഏഴ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്. ഹരിയാനയിൽ വലിയ തോതിലുള്ള ഭരണവിരുദ്ധ വികാരമാണ് നിലനിൽക്കുന്നത്. ഇത് മറികടക്കാൻ ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങളും നീക്കങ്ങളുമാണ് പ്രകടന പത്രികയിലുള്ളത്.
അടുത്ത മാസം അഞ്ചിനാണ് ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ. വാശിയേറിയ പ്രചാരണമാണ് വിവിധ പാർട്ടികൾ നടത്തുന്നത്. 89 സീറ്റുകളിൽ കോൺഗ്രസും 90 സീറ്റുകളിൽ ആംആദ്മിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തദിവസം തന്നെ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കും.