തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം; പൊട്ടിയത് തേങ്ങയല്ല, റോഡ്
യുപിയിലെ ബിജ്‌നോറില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്
ഒരു കോടി രൂപ മുടക്കി നിര്‍മിച്ച റോഡ് തേങ്ങ ഉടച്ച് ഉദ്ഘാടനം ചെയ്യാനുള്ള ശ്രമം പാളി. തേങ്ങക്ക് പകരം പൊട്ടിയത് റോഡാണെന്ന് മാത്രം. യുപിയിലെ ബിജ്‌നോറില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 1.16 കോടി രൂപ മുടക്കി പണി കഴിപ്പിച്ച 7.5 കിലോമീറ്റര്‍ റോഡാണ് ഉദ്ഘാടനത്തിനിടെ തകര്‍ന്നത്. ബി.ജെ.പി എം.എല്‍. എയായ സുചി മൗസം ചൗധരിയാണ് റോഡ് ഉദ്ഘാടനത്തിന് എത്തിയത്. സംഭവത്തില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സുചി അറിയിച്ചു.
ബിജ്‌നോറിലെ സദാര്‍ നിയോജക മണ്ഡലത്തിലാണ് പുതുതായി റോഡ് പണികഴിപ്പിച്ചത്. ഉദ്യോഗസ്ഥര്‍ ക്ഷണിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ എം.എല്‍. എയ്ക്ക് തുടക്കത്തില്‍ തന്നെ റോഡിന്‍റെ നിര്‍മാണത്തില്‍ അപാകത തോന്നിയതായി പറയുന്നു. റോഡ് ഉദ്ഘാടനത്തിന് തേങ്ങ ഉടച്ചപ്പോഴാണ് റോഡില്‍ നിന്നും ടാറിന്‍റെ കഷണങ്ങള്‍ ഇളകി തെറിച്ചത്. ഇതു കണ്ട് ക്ഷോഭിച്ച എം.എല്‍.എ ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടവരെയും വിളിച്ചു വരുത്തുകയും റോഡിന്‍റെ ബാക്കിയുള്ള ഭാഗം വിശദമായി പരിശോധിക്കുകയും ചെയ്തു.
ഉദ്യോഗസ്ഥര്‍ എത്തുന്നത് വരെ മൂന്നു മണിക്കൂറിലേറെ നേരം എം.എല്‍.എ കാത്തിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിനോട് അടക്കം സംസാരിച്ച എം. എല്‍.എ കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എം.എല്‍. എയുടെ ആവശ്യപ്രകാരം റോഡിന്‍റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ''ജില്ലാ മജിസ്‌ട്രേറ്റുമായി ഇക്കാര്യം സംസാരിച്ചു. റോഡ് നിലവാരം പുലർത്തുന്നില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.'' സുചി പറഞ്ഞു. ആകെ 7.5 കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ 700 മീറ്റര്‍ മാത്രമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളുവെന്ന് എം.എല്‍.എയുടെ ഭാര്യ ഐശ്വര്യ ചൌധരി പറഞ്ഞു.
Gravel sample being taken for test after MLA sat on protest demanding probe in the construction of poor quality of roads. pic.twitter.com/pKvGkqIccG
— Piyush Rai (@Benarasiyaa) December 3, 2021