ത്രിപുര തൂത്തുവാരി ബിജെപി; സിപിഎമ്മിന് തിരിച്ചടി

സിപിഎമ്മിന് മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റേ നേടാനായുള്ളൂ.

Update: 2022-09-07 08:08 GMT
Advertising

ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടന്ന 222 സീറ്റുകളില്‍ 217 ഇടത്തും ബിജെപി വിജയിച്ചു. സിപിഎമ്മിന് മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റേ നേടാനായുള്ളൂ. ടി.ഐ.പി.ആര്‍.എ മോതയും ഒരിടത്ത് വിജയിച്ചു.

ആകെയുള്ള 334 സീറ്റുകളില്‍ 112 ഇടത്ത് ബിജെപി നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 222 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതോടെ ആകെയുള്ള 334 സീറ്റുകളില്‍ 329 ഇടത്തും ബിജെപി ജയിച്ചു. 51 വാര്‍ഡുകളുള്ള അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പൂര്‍ണമായി ബിജെപി തൂത്തുവാരി.

അംബാസ നഗർ പഞ്ചായത്ത്, പാനിസാഗർ നഗർ പഞ്ചായത്ത്, കൈലാഷഹർ മുനിസിപ്പൽ കൗണ്‍സിൽ എന്നിവിടങ്ങളിലാണ് സിപിഎം ഓരോ സീറ്റ് നേടിയത്. തൃണമൂൽ ഒരു സീറ്റ് നേടിയത് അംബാസയിലാണ്. ടിഐപിആര്‍എ മോതയും ഒരു സീറ്റില്‍ വിജയിച്ചത് ഈ പ്രദേശത്താണ്.

ബിജെപി ത്രിപുര ഘടകത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി- "ബിപ്ലബ് ദേബ് ജിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നിരവധി രംഗങ്ങളില്‍ മുൻപന്തിയിലാണ്. ത്രിപുരയിലെ ജനങ്ങൾ വ്യക്തമായ സന്ദേശം നൽകി. അവർ നല്ല ഭരണത്തിന്റെ രാഷ്ട്രീയമാണ് ഇഷ്ടപ്പെടുന്നത്. ബിജെപിക്ക് നല്‍കിയ അസന്ദിഗ്ധമായ പിന്തുണക്ക് ഞാൻ അവരോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഈ അനുഗ്രഹം ത്രിപുരയിലെ ഓരോ വ്യക്തിയുടെയും ക്ഷേമത്തിനായി പ്രവർത്തിക്കാൻ ഞങ്ങൾക്ക് കൂടുതൽ ശക്തി നൽകുന്നു."

ബിജെപി ത്രിപുരയില്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പാണിത്. ബിജെപി അക്രമം അഴിച്ചുവിട്ട് വോട്ടര്‍മാരെ ഭീതിയിലാക്കിയെന്നും തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുകയുണ്ടായി. പോളിങ് സെന്‍ററുകളില്‍ വരെ ബിജെപിയുടെ ഗുണ്ടകള്‍ തങ്ങളുടെ അനുഭാവികളെ ഭീഷണിപ്പെടുത്തിയെന്ന് സിപിഎമ്മും പരാതിപ്പെട്ടു. തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചിരുന്നില്ല. ത്രിപുരയിലെ അക്രമങ്ങള്‍ക്കെതിരെ തൃണമൂലും സിപിഎമ്മും നല്‍കിയ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News