ബിജെപി ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കാൻ ശ്രമിച്ചു; ബിജെപിക്കെതിരെ ഇൻഡോറിലെ എസ്‌യുസിഐ സ്ഥാനാർഥി
പത്രികയിൽ ഒപ്പിട്ടിട്ടില്ലെന്ന് പറയണമെന്നാവശ്യപ്പെട്ട് സ്ഥാനാർഥിയെ നാമനിർദേശം ചെയ്തവരെ ബിജെപി ഭീഷണിപ്പെടുത്തിയെന്നും എസ്‌യുസിഐ സ്ഥാനാർഥി
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ പത്രിക പിൻവലിക്കാൻ ബിജെപി ഭീഷണിപ്പെടുത്തിയെന്ന് എസ്‌യുസിഐ സ്ഥാനാർഥി അജിത് സിങ് പൻവർ. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ ചെയ്തതുപോലെ മധ്യപ്രദേശിലെ ഇൻഡോറിലും എതിർസ്ഥാനാർഥികളെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കാൻ ബിജെപി ശ്രമിച്ചതായി വെളിപ്പെടുത്തൽ. കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബം പത്രിക പിൻവലിച്ചു ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് എസ്‌യുസിഐ സ്ഥാനാർഥികളുടെയും സ്വതന്ത്രരുടെയും പത്രികകൾ പിൻവലിപ്പിച്ചു ബിജെപി സ്ഥാനാർഥിയെ എതിരില്ലാതെ ജയിപ്പിക്കാൻ ശ്രമം നടന്നത്. പത്രികയിൽ ഒപ്പിട്ടിട്ടില്ലെന്ന് പറയണമെന്നാവശ്യപ്പെട്ട് സ്ഥാനാർഥിയെ നാമനിർദേശം ചെയ്തവരെ ബിജെപി ഭീഷണിപ്പെടുത്തി. മാത്രമല്ല, വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് എസ്‌യുസിഐ സംസ്ഥാന സമിതി അംഗം സുനിൽ ഗോപാൽ മീഡിയവണിനോട് പറഞ്ഞു.