"ഇതും പ്രതികാരനടപടിയെന്ന് പറയുമോ കോൺഗ്രസ്"; കോടതിവിധി സ്വാഗതം ചെയ്‌ത് ബിജെപി
ജുഡീഷ്യറിയെ കോൺഗ്രസ് വീണ്ടും ചോദ്യം ചെയ്യുമോ എന്നും ബിജെപി ചോദിച്ചു
ഡൽഹി: മാനനഷ്ടക്കേസിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയ കോടതി വിധി സ്വാഗതം ചെയ്ത ബിജെപി. ഈ വിധിയെയും കോൺഗ്രസ് പ്രതികാര നടപടിയെന്ന് പറയുമോ എന്ന് ബിജെപി പരിഹസിച്ചു. ജുഡീഷ്യറിയെ കോൺഗ്രസ് വീണ്ടും ചോദ്യം ചെയ്യുമോ എന്നും ബിജെപി ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതിയാണ് തള്ളിയത്. സ്റ്റേ ലഭിക്കാത്തതിനാൽ രാഹുൽ അയോഗ്യനായി തന്നെ തുടരും.മൂന്ന് ഹരജികളാണ് രാഹുൽ പ്രധാനമായും സമർപ്പിച്ചിരുന്നത്. കുറ്റക്കാരനാണെന്ന വിധി പൂർണമായും സ്റ്റേ ചെയ്യണമെന്നായിരുന്നു രണ്ട് ഉപഹരജികളിലെ പ്രധാന ആവശ്യം. ശിക്ഷ അനുഭവിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു രണ്ടാമത്തെ ആവശ്യം. ആദ്യദിവസം ഹരജി പരിഗണിച്ചപ്പോൾ തന്നെ ശിക്ഷാ വിധി കോടതി സ്റ്റേ ചെയ്തിരുന്നു. അപ്പീൽ തീർപ്പാക്കുന്നത് വരെ ശിക്ഷയുണ്ടാകില്ലെന്നായിരുന്നു കോടതി ഉത്തരവ്.
എന്നാൽ, കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാൻ സൂറത്ത് കോടതി തയ്യാറായില്ല. രാഹുൽ ഗാന്ധി ഇനി ഹർജിയുമായി ഹൈക്കോടതിയെയോ സുപ്രിംകോടതിയെയോ സമീപിച്ചേക്കും. രാഹുൽ ഗാന്ധിക്ക് നിർണായകമായിരുന്നു സൂറത്ത് സെഷൻസ് കോടതി വിധി.