2024ലും മോദി തന്നെ നയിക്കുമെന്ന് അമിത് ഷാ

മോദിയുടെ വ്യക്തിപ്രഭാവവും കേന്ദ്ര സർക്കാറിന്റെ മികച്ച പ്രവർത്തനങ്ങളും മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ലഭിച്ചതിനെക്കാൾ കൂടുതൽ സീറ്റുകൾ നേടാൻ ബിജെപിയെ സഹായിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

Update: 2022-08-01 07:15 GMT
Advertising

പട്‌ന: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദി തന്നെ ബിജെപിയെ നയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിയുടെ ഏഴ് പോഷക സംഘടനകളുടെ സംയുക്ത ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് അമിത് ഷായുടെ പ്രസ്താവന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം തവണയും ബിജെപി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. മോദിയുടെ വ്യക്തിപ്രഭാവവും കേന്ദ്ര സർക്കാറിന്റെ മികച്ച പ്രവർത്തനങ്ങളും മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ലഭിച്ചതിനെക്കാൾ കൂടുതൽ സീറ്റുകൾ നേടാൻ ബിജെപിയെ സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബിഹാറിലേത് അടക്കമുള്ള ബിജെപിയുടെ എല്ലാ ഘടകകക്ഷികളും 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒപ്പമുണ്ടാകുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. ബിഹാറിൽ ബിജെപിയും ജെഡിയുവും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് അരുൺ സിങ്ങിന്റെ പ്രസ്താവന.

നിതീഷ് കുമാർ ഇനിയൊരിക്കലും ലാലു പ്രസാദ് യാദവിന്റെ ആർജെഡിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ മോദിയും പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News