'രാജസ്ഥാനിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ വിജയിക്കും'; കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ്

ഛത്തീസ്ഗഡിലും ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്നും ബിജെപി നേതാവ് പ്രതികരിച്ചു

Update: 2023-12-03 05:05 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: രാജസ്ഥാനിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. മധ്യപ്രദേശിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി സർക്കാർ രൂപീകരിക്കും. ഛത്തീസ്ഗഡിലും ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

അതേസമയം, വോട്ടെണ്ണൽ രണ്ടരമണിക്കൂർ പിന്നിടുമ്പോൾ ബി.ജെ.പി 103 സീറ്റുമായി ലീഡ് ചെയ്യുകയാണ്.കോൺഗ്രസ് 77 സീറ്റുമായി തൊട്ടുപിന്നിലുണ്ട്.രാജസ്ഥാൻ നിയമസഭയിൽ 200 സീറ്റുകളാണുള്ളത്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 199 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിംഗ് കുന്നാർ മരിച്ചതിനെത്തുടർന്ന് ശ്രീഗംഗാനഗറിലെ കരണാപൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. 100 സീറ്റ് നേടിയായിരുന്നു 2018ൽ കോൺഗ്രസ് അധികാരത്തിലേറിയത്. 73 സീറ്റാണ് ബിജെപിയും നേടിയത്.100 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

നവംബർ 25നാണ് രാജസ്ഥാനിലെ 199 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 75.45 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇത് 2018 തെരഞ്ഞെടുപ്പ് പോളിങ് ശതമാനത്തേക്കാൾ കൂടുതലായിരുന്നു. 2018 ൽ 74.71 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്.

രാജസ്ഥാനിൽ ബിജെപി അധികാരത്തിലേറുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോൾ സർവേകളും പ്രവചിക്കുന്നതെങ്കിലും ഉറച്ച ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ്. മൂന്ന് എക്സിറ്റ് പോളുകൾ രാജസ്ഥാനിൽ കോൺഗ്രസ് വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു. ഇരുഭാഗത്തും ശക്തമായ പ്രചാരണമാണ് നടന്നത്. അശോക് ഗെഹ്ലോട്ട്-സച്ചിൻ പൈലറ്റ് ആഭ്യന്തര കലഹങ്ങൾ മാറ്റിവച്ച് തെരഞ്ഞെടുപ്പിന് ഒറ്റക്കെട്ടായെന്ന് പറയുമ്പോഴും കോൺഗ്രസിന് വിജയം അത്ര എളുപ്പമാകില്ല.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News