എൻഡിഎ വിജയിച്ചതിന്റെ സന്തോഷം; വിരൽ മുറിച്ച് ​ക്ഷേത്രത്തിൽ സമർപ്പിച്ച് ബിജെപി പ്രവർത്തകൻ

ചികിത്സ വൈകിയതിനാൽ മുറിച്ചുകളഞ്ഞ വിരൽ തുന്നിച്ചേർക്കാൻ ഡോക്ടർമാർക്കായില്ല.

Update: 2024-06-08 09:19 GMT
Advertising

റായ്പ്പൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ‍ഡിഎ വിജയിച്ചതിന്റെ സന്തോഷത്തിൽ സ്വന്തം വിരൽ മുറിച്ച് ​ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ച് ബിജെപി പ്രവർത്തകൻ. ഛത്തീസ്​ഗഢിലെ ബൽറാംപൂരിലെ ബിജെപി പ്രവർത്തകനായ 30കാരൻ ദുർ​ഗേഷ് പാണ്ഡെയാണ് പ്രദേശത്തെ കാളി ക്ഷേത്രത്തിൽ വിരൽ സമർപ്പിച്ചത്.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ കോൺ​ഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണി മുന്നിട്ടുനിൽക്കുന്നുവെന്ന വാർത്തയറിഞ്ഞതോടെ അസ്വസ്ഥനായ ഇയാൾ ബിജെപിയുടെ വിജയത്തിനായി കാളി ക്ഷേത്രത്തിലെത്തി പ്രാർഥിച്ചു. പിന്നീട് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുന്നതും എൻഡിഎയുടെ ഭൂരിപക്ഷം 272 കടന്നതും കണ്ടപ്പോൾ പാണ്ഡെ ആഹ്ലാദഭരിതനായി വീണ്ടും കാളി ക്ഷേത്രത്തിലെത്തി ഇടതുകൈയിലെ വിരൽ മുറിച്ച് ദേവിക്ക് സമർപ്പിക്കുകയായിരുന്നു.

ചോര നിൽക്കാതായതോടെ തുണിയെടുത്ത് കൈയിൽ ചുറ്റി. എന്നാൽ ഇതുകൊണ്ട് കാര്യമുണ്ടായില്ല. പിന്നീട് നില വഷളായതോടെ വീട്ടുകാർ ഇയാളെ സമാരിയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിക്കിന്റെ ​ഗൗരവം കണക്കിലെടുത്ത് അംബികാപൂർ മെഡ‍ിക്കൽ കോളജിലേക്ക് മാറ്റാൻ നിർദേശിച്ചു. മെഡിക്കൽ കോളജിലെ ഡോക്ടർമാർ രക്തസ്രാവം തടയാൻ ശസ്ത്രക്രിയ നടത്തി. ചികിത്സ വൈകിയതിനാൽ മുറിച്ചുകളഞ്ഞ വിരൽ തുന്നിച്ചേർക്കാൻ ഡോക്ടർമാർക്കായില്ല. എന്നാൽ ഇയാൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

'ആദ്യ ഘട്ടത്തിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത് കണ്ട് ഞാൻ അസ്വസ്ഥനായിരുന്നു. എന്നാൽ കോൺഗ്രസ് അനുഭാവികൾ വലിയ ആവേശത്തിലായിരുന്നു. ഇതോടെ ​ഞാൻ ഗ്രാമത്തിലെ കാളി ക്ഷേത്രത്തിൽ പോയി ഒരു നേർച്ച നടത്തി. അന്ന് വൈകുന്നേരം ബിജെപി വിജയിച്ചപ്പോൾ, ക്ഷേത്രത്തിൽ വീണ്ടും പോയി എൻ്റെ വിരൽ മുറിച്ച് ദേവിക്ക് സമർപ്പിച്ചു. എൻഡിഎ 400 കടന്നിരുന്നെങ്കിൽ ഞാൻ കൂടുതൽ സന്തോഷിച്ചേനെ'- പാണ്ഡെ പറഞ്ഞു.

ഇഞ്ചോടിച്ച് പോരാട്ടം നടന്ന തെരഞ്ഞെടുപ്പിൽ 543 ലോക്‌സഭാ സീറ്റുകളിൽ 293 സീറ്റുകളാണ് എൻഡിഎ നേടിയത്. എക്സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റിൽ പറത്തി 234 സീറ്റുകൾ നേടി പ്രതിപക്ഷ സഖ്യമായ ഇൻഡ്യ ഞെട്ടിക്കുകയും ചെയ്തു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News