എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് നവീന്‍ പട്നായിക്കിന്‍റെ പിന്തുണ; അതിനര്‍ഥം...

ഒഡീഷ ഭരിക്കുന്ന ബി.ജെ.ഡിയ്ക്ക് നിയമസഭയില്‍ 114 എം.എല്‍.എമാരുണ്ട്

Update: 2022-06-23 03:20 GMT
Advertising

ഡല്‍ഹി: എൻ.ഡി.എ പ്രസിഡന്‍റ് സ്ഥാനാർഥി ദ്രൗപതി മുർമുവിന് പിന്തുണയുമായി നവീന്‍ പട്നായിക്കിന്‍റെ ബി.ജെ.ഡി. ഇതോടെ എന്‍.ഡി.എ സഖ്യത്തിന്‍റെ വോട്ട് വിഹിതം 50 ശതമാനം കടന്നു. ദ്രൗപതി മുര്‍മു അടുത്ത പ്രസിഡന്‍റാകുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

ഒഡീഷ ഭരിക്കുന്ന ബി.ജെ.ഡിയ്ക്ക് നിയമസഭയില്‍ 114 എം.എല്‍.എമാരുണ്ട്- 32,000 വോട്ടുകള്‍. അതായത് 2.9 ശതമാനം വോട്ടുകള്‍. ബി.ജെ.ഡിയുടെ പിന്തുണയോടെ ആകെയുള്ള 10,86,431 വോട്ടുകളിൽ 5,67,000 വോട്ടുകൾ എൻ.ഡി.എ സ്ഥാനാര്‍ഥിക്ക് ലഭിക്കും. എന്‍.ഡി.എയുടെ വോട്ടുശതമാനം 52 ആകും. എ.ഐ.എ.ഡി.എം.കെ, വൈ.എസ്.ആര്‍.സി.പി തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയും ദ്രൌപതി മുര്‍മുവിന് ലഭിച്ചേക്കും.

ഇപ്പോഴത്തെ തെരഞ്ഞെടുപ്പിന് ശേഷം രാജ്യസഭയില്‍ ബി.ജെ.പിയുടെ അംഗബലം 92 ആണ്. ലോക്‌സഭയിൽ 301 എം.പിമാരാണുള്ളത്. അടുത്തിടെ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേടിയ വിജയം വോട്ടുകള്‍ വര്‍ധിപ്പിച്ചു. ബി.ജെ.പിക്കും എൻ.ഡി.എയിലെ സഖ്യകക്ഷികൾക്കും 2017ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിനേക്കാൾ എം.എൽ.എമാർ കുറവാണെങ്കിലും എം.പിമാരുടെ എണ്ണം വർധിച്ചു.

ലോക്‌സഭയിലും രാജ്യസഭയിലുമായി 776 എംപിമാരുണ്ട്. സംസ്ഥാനങ്ങളിൽ 4,033 എം.എല്‍.എമാരാണുള്ളത്. അവരാണ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുക. ഉത്തര്‍പ്രദേശിലാണ് ബി.ജെ.പിക്ക് ഏറ്റവും അധികം വോട്ടുകളുള്ളത്. 273 എം.എൽ.എമാരുള്ള ഉത്തർപ്രദേശിൽ 56,784 വോട്ടുകളാണ് ബി.ജെ.പിക്കുള്ളത്. 127 എം.എൽ.എമാരുള്ള ബിഹാറിൽ നിന്ന് 21,971 വോട്ടുകളും മഹാരാഷ്ട്രയിൽ നിന്ന് 18,375 വോട്ടുകളും എൻ.ഡി.എയ്ക്ക് ലഭിക്കും.

ജൂലൈ 18നാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. ജൂൺ 29 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ജൂലൈ 21ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയെയാണ് കോൺഗ്രസ്, ടി.എം.സി, എൻ.സി.പി എന്നിവയുൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ സംയുക്ത സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പിന്നാലെയാണ് ജാര്‍ഖണ്ഡ് ഗവര്‍ണറും ഗോത്രവര്‍ഗ വനിതയുമായ ദ്രൌപതി മുര്‍മുവിനെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News