ദേശീയ മെഡൽ ജേതാവായ ഗുസ്തി താരവും ഭർത്താവും ചേർന്ന് 50 ലക്ഷം തട്ടി; പരാതിയുമായി ബോഡിബിൽഡറായ പൊലീസ് ഉദ്യോഗസ്ഥൻ
റിയാലിറ്റി ഷോ താരം കൂടിയായ ഗുലിയ ആരോഗ്യ ഉൽപ്പന്ന ബിസിനസിൽ നിക്ഷേപം നടത്താനെന്ന പേരിലാണ് പണം തട്ടിയതെന്ന് പരാതിയിൽ പറയുന്നു.
ന്യൂഡൽഹി: പ്രൊഫഷണൽ ഗുസ്തി താരങ്ങളായ ദമ്പതികൾ തന്റെ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ബോഡിബിൽഡറായ പൊലീസ് ഉദ്യോഗസ്ഥൻ. തിഹാർ ജയിൽ അസി. സൂപ്രണ്ടായ ദീപക് ശർമയാണ് പൊലീസിൽ പരാതി നൽകിയത്. ദേശീയ ഗുസ്തി താരമായ റൗണക് ഗുലിയയും ഭർത്താവ് അങ്കിത് ഗുലിയയും ചേർന്നാണ് 50 ലക്ഷം രൂപ തട്ടിയെടുത്തതെന്ന് ശർമ ആരോപിച്ചു.
റിയാലിറ്റി ഷോ താരം കൂടിയായ റൗണക് ഗുലിയ ആരോഗ്യ ഉൽപ്പന്ന ബിസിനസിൽ നിക്ഷേപം നടത്താനെന്ന പേരിലാണ് പണം തട്ടിയതെന്ന് പരാതിയിൽ പറയുന്നു. ഡിസ്‌കവറി ചാനലിലെ 'ഇന്ത്യാസ് അൾട്ടിമേറ്റ് വാരിയർ' എന്ന റിയാലിറ്റി ഷോയിൽ വച്ചാണ് ദേശീയ- സംസ്ഥാന ഗുസ്തി ചാമ്പ്യനായ റൗണക് ഗുലിയയെ താൻ കണ്ടുമുട്ടിയതെന്ന് ശർമ പരാതിയിൽ പറയുന്നു. ഗുസ്തിക്കാരനായ തന്റെ ഭർത്താവ് അങ്കിത് അറിയപ്പെടുന്ന ആരോഗ്യ ഉൽപ്പന്ന സംരംഭകനാണെന്നും തങ്ങൾ നിക്ഷേപകരെ അന്വേഷിക്കുകയാണെന്നും ഗുലിയ ശർമയോട് പറഞ്ഞു.
വൻ ലാഭം ലഭിക്കുമെന്ന വാഗ്ദാനത്തിൽ ശർമ ഗുലിയയുടെ ബിസിനസിൽ 50 ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാൽ പിന്നീട് ഉദ്യോഗസ്ഥന്റ പണം തിരികെ നൽകാൻ ഇവർ തയാറായില്ല. ഇതോടെയാണ് വെസ്റ്റ് വിനോദ് നഗർ സ്വദേശിയായ ശർമ ഈസ്റ്റ് ഡൽഹിയിലെ മധു വിഹാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ ഗുസ്തിതാര ദമ്പതികൾക്കെതിരെ വഞ്ചനാകേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ദമ്പതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
സോഷ്യൽമീഡിയയിൽ വലിയ ഫോളോവേഴ്സുള്ളവരാണ് ദീപക് ശർമയും ഗുലിയയും. ഇൻസ്റ്റഗ്രാമിൽ 4.5 ലക്ഷത്തോളം ആളുകൾ പിന്തുടരുന്ന ഗുലിയ, 2017ൽ വിവാഹിതയായ ശേഷമാണ് തന്റെ ഗുസ്തി ജീവിതം ആരംഭിച്ചത്. ആറ് തവണ സംസ്ഥാന ചാമ്പ്യനായ ഗുലിയ മൂന്ന് തവണ ദേശീയ മെഡലും നേടിയിട്ടുണ്ട്. ആയോധന കലയെ അടിസ്ഥാനമാക്കിയുള്ള റിയാലിറ്റി ഷോ ആയ "ഇന്ത്യാസ് അൾട്ടിമേറ്റ് വാരിയർ"ന്റെ ആദ്യ എഡിഷനിൽ സ്റ്റാർ വാരിയർ കിരീടം നേടിയ ഇവർ, ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിനിയാണ്.