ദുർഗാപൂജ പന്തലിൽ തീപ്പിടിത്തം; 12കാരനുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം; 52 പേർ ആശുപത്രിയിൽ
ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഭദോഹി ജില്ലാ മജിസ്‌ട്രേറ്റ് ഗൗരംഗ് രതി പറഞ്ഞു.
ഉത്തർപ്രദേശിൽ ദുർഗാപൂജ പന്തലിൽ തീപ്പിടിത്തം. 12 വയസുകാരനുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. 52 പേർക്ക് പരിക്കേറ്റു. ഭദോഹി ജില്ലയിൽ ഔറായി പൊലീസ് സ്റ്റേഷന് സമീപമുള്ള ഏക്താ ക്ലബ്ബ് പൂജ പന്തലിൽ ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. അൻകുശ് സോണി എന്ന കുട്ടി സംഭവസ്ഥലത്തു വച്ചും മറ്റു രണ്ട് പേർ ആശുപത്രിയിലുമാണ് മരിച്ചത്.
52 പേരിൽ സാരമായി പൊള്ളലേറ്റ 22 പേരെ വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് കരുതുന്നതെന്ന് അധികൃതർ അറിയിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഭദോഹി ജില്ലാ മജിസ്‌ട്രേറ്റ് ഗൗരംഗ് രതി പറഞ്ഞു. പ്രധാന ചടങ്ങായ ആരതി നടക്കുന്നതിനിടെയായിരുന്നു തീപ്പിടിത്തമുണ്ടായത്.
150 ആളുകളാണ് പന്തലിനകത്തുണ്ടായിരുന്നത്. പൊള്ളലേറ്റ ബാക്കി 30 പേരെ സൂര്യ ട്രോമ സെന്റർ, ഗോപിഗഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രം, ആനന്ദ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഷോർട്ട് സർക്യൂട്ട് തന്നെയാണോ കാരണം എന്നതിന് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
'ഇപ്പോൾ, പരിക്കേറ്റവരെ ചികിത്സിക്കുക എന്നതിനാണ് മുൻഗണന. ഞാൻ വാരാണസിയിലെ ഡോക്ടർമാരുമായി ബന്ധപ്പെടുന്നുണ്ട്'- ജില്ലാ മജിസ്ട്രേറ്റ് കൂട്ടിച്ചേർത്തു.