ജഹാംഗീർപുരിയിലെ കെട്ടിടം പൊളിക്കൽ: ബൃന്ദ കാരാട്ട് സുപ്രിംകോടതിയിൽ ഹരജി നൽകി

സുപ്രിംകോടതിയുടെ ഉത്തരവുമായി 10.45ന് ജഹാംഗീർപുരിയില്‍ എത്തിയിരുന്നു. അധികൃതരെ ഉത്തരവ് കാണിച്ചിട്ടും 12.45 വരെ പൊളിക്കൽ നടപടി തുടർന്നെന്ന് ഹരജിയിൽ പറയുന്നു.

Update: 2022-04-21 03:28 GMT
Advertising

ഡല്‍ഹി: ജഹാംഗീർപുരിയിലെ കെട്ടിടം പൊളിക്കൽ കേസില്‍ സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ടും സുപ്രിംകോടതിയിൽ ഹരജി നൽകി. സുപ്രിംകോടതിയുടെ ഉത്തരവുമായി 10.45ന് ജഹാംഗീർപുരിയില്‍ എത്തിയിരുന്നു. അധികൃതരെ ഉത്തരവ് കാണിച്ചിട്ടും 12.45 വരെ പൊളിക്കൽ നടപടി തുടർന്നെന്ന് ഹരജിയിൽ പറയുന്നു.

ജഹാംഗീർപുരിയിലെ വീടുകളും ചെറിയ കടകളും പൊളിച്ച് ജെസിബി മുന്നോട്ട് നീങ്ങുന്നതിനിടെയാണ് തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതിയുടെ ഉത്തരവ് വന്നത്. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി കെട്ടിടങ്ങൾ പൊളിക്കുന്നത് നിർത്തി വെക്കണം എന്ന് പ്രദേശവാസികൾ അധികൃതരോട് അഭ്യർഥിച്ചു. എന്നാൽ കോടതി ഉത്തരവ് തങ്ങൾക്ക് ലഭിച്ചില്ല എന്നായിരുന്നു ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരുടെ വാദം. കെട്ടിടങ്ങൾ ജെസിബി ഉപയോഗിച്ച് പൊളിക്കുന്നത് തുടരുന്നതിനിടെയാണ് ബൃന്ദ കാരാട്ട് ജഹാംഗീർപുരിയിൽ എത്തിയത്. കെട്ടിടങ്ങൾ പൊളിക്കാൻ ഒരുങ്ങിയ ജെസിബിയുടെ മുന്നിൽ കയറി നിന്ന് ബൃന്ദ കാരാട്ട് തടഞ്ഞു.

കോടതി ഉത്തരവിന്‍റെ പകർപ്പ് ഫോണിൽ അധികൃതരെ കാണിച്ചു കൊണ്ടാണ് ബൃന്ദ കാരാട്ട് സംസാരിച്ചത്. സുപ്രിംകോടതി തൽസ്ഥിതി തുടരാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടും കെട്ടിടങ്ങൾ പൊളിക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അധികൃതരുമായി നടന്ന ചർച്ചയിൽ ബൃന്ദ കാരാട്ട് അറിയിച്ചു. ബിജെപി ബുൾഡോസർ രാഷ്ട്രീയമാണ് നടത്തുന്നത് എന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.

കോടതി ഇന്ന് പരിഗണിക്കും

ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരായ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എല്‍ നാഗേശ്വർ റാവു അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ നടപടി ഏകപക്ഷീയമാണെന്നാണ് ജംഇയത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയിലെ വാദം.

ഹനുമാന്‍ ജയന്തി ദിനത്തില്‍ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍ മുന്നറിയിപ്പില്ലാതെയാണ് കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്. കെട്ടിടം പൊളിക്കുന്നതിന് 14 ദിവസം മുന്‍പ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കണമെന്ന നടപടി പോലും കോര്‍പ്പറേഷന്‍ പാലിച്ചിരുന്നില്ല. ഹരജിയില്‍ അന്തിമവാദം കേള്‍ക്കുന്നത് വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതി ഇന്നലെ ഉത്തരവിട്ടു. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കപില്‍ സിബലും ദുഷ്യന്ത് ദവേയുമാണ് ഹരജിക്കാര്‍ക്കായി ഹാജരാകുന്നത്. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News