'ഇന്ത്യക്കാരെ തിരിച്ചുവിളിച്ച് ആ രാജ്യങ്ങളുമായി യുദ്ധം ചെയ്യണം...' സുദർശൻ ടി.വി എഡിറ്റർ

"ജനുവരി 26-ന് രാജ്പഥിൽ പ്രദർശിപ്പിക്കുന്ന മിസൈലുകളും യുദ്ധവിമാനങ്ങളും എന്തിനുള്ളതാണ്?"

Update: 2022-06-07 13:44 GMT
Editor : André | By : Web Desk

ബി.ജെ.പി ദേശീയ വക്താവായിരുന്ന നുപൂർ ശർമ നടത്തിയ പ്രവാചകനിന്ദാ പരാമർശത്തിൽ അറബ് രാഷ്ട്രങ്ങൾ അതൃപ്തി അറിയിച്ചതിനു പിന്നാലെ, ആ രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കാരെ തിരികെവിളിക്കണമെന്നും യുദ്ധം ചെയ്യണമെന്നുമുള്ള ആഹ്വാനവുമായി സുദർശൻ ന്യൂസ് ടി.വി എഡിറ്റർ ഇൻ ചീഫ് സുരേഷ് ചൗഹാൺകെ. റിപ്പബ്ലിക് ദിന പരേഡിൽ അതരിപ്പിക്കാറുള്ള ആയുധങ്ങൾ യുദ്ധം ചെയ്യാനുള്ളതാണെന്നും ഈ യുദ്ധത്തിന്റെ പരിണിതഫലം എന്തായിരുന്നാലും അത് ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെടുമെന്നും ചൗഹാൺകെ പറഞ്ഞു. സുദർശൻ ടി.വിയിൽ അവതരിപ്പിച്ച പരിപാടിയിലാണ്  പ്രകോപനപരമായ പരാമർശങ്ങൾ.

'"വക്താക്കളായ നുപൂർ ശർമയെയും നവീൻ ജിൻഡാലിനെയും സസ്‌പെൻഡ് ചെയ്ത ബി.ജെ.പി നടപടി വളരെ ദുഃഖകരമാണ്. മാത്രമല്ല, വരാനിരിക്കുന്ന അപകടകരമായ നാളെയെക്കുറിച്ചുള്ള സൂചന കൂടിയാണിത്. ഇന്ന് ബി.ജെ.പി അവരുടെ വക്താക്കൾക്കൊപ്പം ഉറച്ചുനിൽക്കുകയും, ഞങ്ങളുടെ വക്താവിനെ ജീവൻ അപകടത്തിലാക്കുന്നതു പോയിട്ട് അവരുടെ രോമത്തിനു മേൽ കൈവെച്ചാൽ പോലും അത് ചെയ്യുന്ന വ്യക്തിയായാലും പ്രസ്ഥാനമായാലും രാഷ്ട്രമായാലും അവർക്കെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്.'' - സുരേഷ് ചൗഹാൺകെ പരിപാടിയിൽ പറയുന്നു.

"സ്ത്രീകളെ സംരക്ഷിക്കുന്നതിനു വേണ്ടി രാമായണവും മഹാഭാരതവും ഉണ്ടായ രാജ്യമാണിത്. അതിൽ നിന്നാണ് നമ്മൾ പ്രചോദനം ഉൾക്കൊള്ളേണ്ടത്. പ്രവാസികളായ ഇന്ത്യക്കാരെ ഭീഷണിപ്പെടുത്തുന്ന രാജ്യങ്ങളോട്, അവരെ അവിടങ്ങളിൽ നിന്ന് തിരികെ കൊണ്ടുവരാൻ തയാറാണെന്ന് പ്രഖ്യാപിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. നമ്മൾ സത്യത്തിന്റെയും സ്ത്രീകളുടെ അഭിമാനത്തിന്റെയും കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ല."

"അങ്ങനെ സംഭവിക്കുകയാണെങ്കിൽ, ആ യുദ്ധത്തിന്റെ പരിണിതഫലം എന്തായിരുന്നാലും ഇന്ത്യയുടെ ചരിത്രം സുവർണലിപികളാൽ എഴുതപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു. പരിണിതഫലം എന്തായിരുന്നാലും, രാജ്യം അതിലെ സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടി നിലകൊള്ളുകയാണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കണം."

"ചില ജിഹാദികൾ സോഷ്യൽ മീഡിയയിൽ ഭീഷണി ഉയർത്തി എന്നതുകൊണ്ടു മാത്രമാണ് ബി.ജെ.പി അതിന്റെ വക്താക്കൾക്കെതിരെ നടപടിയെടുത്തത്. നമ്മൾ എന്തിന് അവർക്കു മുന്നിൽ മുട്ടുമടക്കണം? നമുക്ക് എന്തുകൊണ്ട് അവരെ നേരിട്ടുകൂടാ? ജനുവരി 26-ന് രാജ്പഥിൽ പ്രദർശിപ്പിക്കുന്ന മിസൈലുകളും യുദ്ധവിമാനങ്ങളും എന്തിനാണ്? നമ്മൾ സത്യത്തിനു വേണ്ടി ഏതറ്റംവരെയും പോകാൻ തയാറല്ലെങ്കിൽ നമുക്ക് സത്യത്തെ സംരക്ഷിക്കാൻ കഴിയില്ല." - സുരേഷ് ചൗഹാൺകെ പറയുന്നു.

സുരേഷ് ചൗഹാൺകെയും സുദർശൻ ടി.വിയും

മഹാരാഷ്ട്രയിലെ ഷിർദി സ്വദേശിയായ സുരേഷ് ചൗഹാൺകെ, താൻ മൂന്നാം വയസ്സു മുതൽ ആർ.എസ്.എസ് അംഗമാണെന്ന് സ്വയം വിശേഷിപ്പിക്കുന്നയാളാണ്. ആർ.എസ്.എസ് അനുകൂല പത്രമായ തരുൺ ഭാരതിലൂടെ പത്രപ്രവർത്തനം തുടങ്ങിയ ചൗഹാൺകെ 2005-ലാണ് സുദർശൻ ടി.വി സ്ഥാപിച്ചത്. 2016-ൽ സുദർശൻ ടി.വിയിലെ ഒരു മുൻ ജീവനക്കാരരി ഇയാൾക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നു. 2017-ൽ വംശീയ വിദ്വേഷ പ്രസ്താവനയുടെ പേരിൽ ഇയാളെ ലഖ്‌നൗ പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂനപക്ഷങ്ങൾക്കെതിരായ നുണപ്രചരണങ്ങളുടെയും പ്രകോപന ആഹ്വാനങ്ങളുടെയും പേരിൽ കുപ്രസിദ്ധി നേടിയ സുദർശൻ ന്യൂസിനെ 2020-ൽ ഡൽഹി ഹൈക്കോടതിയും സുപ്രീംകോടതിയും നടപടിയെടുത്തിരുന്നു. സിവിൽ സർവീസിൽ മുസ്ലിം പ്രാതിനിധ്യം കൂടുന്നതിൽ ഗൂഢാലോചന ആരോപിച്ചു കൊണ്ടുള്ള 'ബിന്ദാസ് ബോൽ' എന്ന പരിപാടിയാണ് ഡൽഹി ഹൈക്കോടതി തടഞ്ഞത്. പിന്നീട് ജസ്റ്റിസ് ഡി.വെ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഹൈക്കോടതി നടപടി ശരിവെക്കുകയും ചെയ്തു. എന്നാൽ, ചാനൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചത്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News