മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് മൂന്നാഴ്ച; രാജ്യത്ത് ബുൾഡോസർ രാജും ആ​ൾക്കൂട്ട ആക്രമണവും വർധിച്ചു

റായ്പൂരിൽ ജൂൺ ഏഴിന് നടന്ന ആൾക്കൂട്ട ആക്രമണം രാജ്യത്തെ ഞെട്ടിച്ചിരുന്നു

Update: 2024-06-30 01:19 GMT

ന്യൂഡൽഹി: രാജ്യത്ത് ബുൾഡോസർ രാജും ആൾക്കൂട്ട ആക്രമണവും കുത്തനെ ഉയർന്നു. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തി മൂന്നാഴ്ച പിന്നിടുമ്പോഴാണ് ഈ വർധന. പശുക്കടത്താരോപിച്ച് വിവിധ സംസ്ഥാനങ്ങളിൽ ആളുകൾ കൊലചെയ്യപ്പെട്ടു .

കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹി മംഗൾപുരിയിൽ അനധികൃത നിർമാണമെന്നാരോപിച്ച് മസ്ജിദിന്റെ ഒരു ഭാഗം മുനിസിപ്പൽ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. 20 മീറ്ററോളം പൊളിച്ച ശേഷം വലിയ സംഘർഷത്തെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു.

അലീഗഢിൽ മോഷണക്കുറ്റം ആരോപിച്ച് 35കാരനായ മുഹമ്മദ് ഫരീദിനെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത് ജൂൺ 19നായിരുന്നു. ഇരുമ്പ് വടികളുപയോഗിച്ച് മുഹമ്മദിനെ മർദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ബി.ജെ.പി നേതാക്കളായ മുക്ത രാജയും ശകുന്തള ഭാരതിയും പ്രതികളെ അനുകൂലിച്ചു.

Advertising
Advertising

കന്നുകാലികളെ കൊണ്ടുപോകുന്ന വഴി ഛത്തീസ്‌ഗഡിലെ റായ്പൂരിൽ ജൂൺ ഏഴിന് നടന്ന ആൾക്കൂട്ട ആക്രമണം രാജ്യത്തെ ഏറെ ഞെട്ടിച്ചിരുന്നു. സദ്ദാം ഖുറേഷി, ബന്ധു ചാന്ദ് മിയാഖാൻ, ഗുഡ്ഡു ഖാൻ എന്നിവർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെ‌ട്ടു. ഒരാഴ്ച കോമയിൽ കഴിഞ്ഞശേഷമാണ് ഖുറേഷി മരിച്ചത്.

ഗുജറാത്തിലെ ചികോദ്രയിൽ ക്രിക്കറ്റ് മത്സരം കാണാനായി ചേർന്ന ജനക്കൂട്ടത്തിനു മുന്നിൽവച്ചാണ് ജൂൺ 23ന് സൽമാൻ വോഹ്റ എന്ന 23 കാരൻ മർദ്ദനത്തിനിരയായത്. ക്രിക്കറ്റ് ബാറ്റും കത്തിയുമുപയോഗിച്ചാണ് സൽമാനെ ആക്രമിച്ചത്. ചെവിയുടെ ഒരുഭാഗം അറ്റുപോയിരുന്നു. ഈ സംഭവത്തിന്റെ തൊട്ടടുത്ത ദിവസം ദന്തെവാഡയിൽ ബിന്ദു സോധി എന്ന ക്രിസ്ത്യൻ യുവതി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. മതം മാറിയെന്ന കുറ്റമാരോപിച്ചായിരുന്നു ആക്രമണം.

വാട്സാപ് സ്റ്റാറ്റസിൽ മൃഗബലിയുടെ ചിത്രം പങ്കുവച്ചതിന്റെ പിന്നാലെയായിരുന്നു ഹിമാചലിലെ നഹാനിൽ ജാവേദിന്റെ തുണിക്കട തകർത്തത്. തെലങ്കാനയിലെ മേഡക്കിൽ കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനം യുവമോർച്ച പ്രവർത്തകർ തടഞ്ഞത് കഴിഞ്ഞ 15നായിരുന്നു. പിന്നാലെ മദ്രസയ്ക്കും ആശുപത്രിയ്ക്കും നേരെ അതിക്രമം ഉണ്ടായി.

ഒഡീഷയിൽ ഖോർദയിൽ ഹിന്ദുത്വ സംഘടനകൾ മുസ്ലിംകളുടെ വീടുകളിൽ അതിക്രമിച്ചു കയറി ബീഫ് സൂക്ഷിച്ചെന്നു ആരോപിച്ചു ഫ്രിഡ്ജ് വരെ തകർത്തു. ഖോർദയിലും ബാലസോറിലും പെരുന്നാൾ ആഘോഷത്തിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News