ഇത് ജനാധിപത്യ രാജ്യമാണ്; അന്വേഷണത്തിന്റെ മറവിൽ വീടുകൾ തകർക്കാൻ നിയമം അനുവദിക്കുന്നില്ല-ഗുവാഹത്തി ഹൈക്കോടതി

സ്വമേധയാ എടുത്ത കേസിലാണ് ഗുവാഹത്തി ഹൈക്കോടതിയുടെ നിരീക്ഷണം

Update: 2022-11-19 07:02 GMT
Editor : Shaheer | By : Web Desk
Advertising

ഗുവാഹത്തി: 'ബുൾഡോസർ രാജി'നെതിരെ വിമർശനവുമായി ഗുവാഹത്തി ഹൈക്കോടതി. അന്വേഷണത്തിന്റെ ഭാഗമായി വീടുകൾ പൊളിച്ചുനീക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഏതു ഗുരുതര കുറ്റമാണെങ്കിലും ഇക്കാര്യത്തിൽ മാറ്റമില്ലെന്നും കോടതി അറിയിച്ചു.

അസം അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചീഫ് ജസ്റ്റിസായ ആർ.എം ഛായ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചിന്റേതാണ് നിരീക്ഷണം. അസമിലെ നാഗാവിൽ ബതദ്രാവ പൊലിസ് സ്റ്റേഷൻ തീവയ്പ്പ് കേസിൽ കുറ്റാരോപിതനായ പ്രതിയുടെ വീട് തകർത്ത സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഗുരുതരമായ കേസാണ് പൊലീസ് അന്വേഷിക്കുന്നതെങ്കിലും വീട് തകർക്കാൻ നിയമം അനുവദിക്കുന്നില്ല. ഇനി ഇത്തരമൊരു നടപടി കൈക്കൊള്ളണമെങ്കിൽ കോടതിയുടെ അനുമതി വേണമെന്നും ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.

''ഇതെങ്ങനെ ചെയ്യാനാകുന്നു? ആരുടെയെങ്കിലും വീട് തകർത്ത് അന്വേഷണത്തിന്റെ മറവിൽ സുരക്ഷിതമായിരിക്കാമെന്ന് കരുതേണ്ട. ഇതൊരു ജനാധിപത്യ രാജ്യമാണ്. ക്രിമിനൽ നിയമങ്ങളിൽ അതികായനായ മക്കോളായ് പ്രഭു പോലും ഇത്തരമൊരു നടപടിയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല.''-ജസ്റ്റിസ് ആർ.എം ഛായ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മേയ് 21നാണ് ആൾക്കൂട്ടം ബതദ്രാവ പൊലിസ് സ്റ്റേഷന് തീവച്ചത്. മത്സ്യത്തൊഴിലാളിയായ ശകീഫുൽ ഇസ്‌ലാമിന്റെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ചായിരുന്നു നടപടി. സംഭവത്തിനു പിന്നാലെ ശകീഫിന്റെയും പ്രതിഷേധത്തിൽ സ്റ്റേഷൻ കത്തിച്ചെന്ന് ആരോപിച്ച് ആറോളം പേരുടെയും വീടുകൾ പൊലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു.

Summary: ''Bulldozing of houses in name of investigation not provided under law'', says the Gauhati High Court

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News