കൊടുംക്രൂരതകള്‍ അവസാനിക്കുന്നില്ല; മണിപ്പൂരിൽ 45 കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

പൊലീസ് കാവലിലാണ് അക്രമികള്‍ ഗ്രാമത്തിലേക്ക് പ്രവേശിച്ചതെന്ന് വെളിപ്പെടുത്തൽ

Update: 2023-07-22 08:03 GMT
Editor : Lissy P | By : Web Desk
Advertising

ഇംഫാൽ: മണിപ്പൂരിലെ കൊടും ക്രൂരതകൾ ഒന്നൊന്നായി പുറത്ത്. തൗബാലിൽ 45 കാരിയെ നഗ്‌നയാക്കി തീകൊളുത്തി കൊന്നു. മെയ് ഏഴിനാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഗോത്ര വിഭാഗത്തിൽപെട്ട രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത്കൊലപ്പെടുത്തിയതായി വെളിപ്പെടുത്തലിന് ഈ വാർത്തയും പുറത്ത് വരുന്നത്. 

ജനക്കൂട്ടം ഗ്രാമം ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് രണ്ടുകുട്ടികളുടെ അമ്മയായ 45 കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതെന്ന് ഫെയ്തയ്ചിംഗ് ഗ്രാമത്തിലെ പാസ്റ്ററായ തിയാന വൈഫെ സൗന്തക് 'ദി ഹിന്ദു'വിനോട് പറഞ്ഞു. സൈനിക സംരക്ഷണത്തിലാണ് താൻ അവിടെ പോയതെന്നും അദ്ദേഹം പറഞ്ഞു. ശരീരം പകുതി കത്തിയ നിലയിലായിരുന്നു.   മൃതദേഹം ഇംഫാലിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം വെളിപ്പെടുത്തി.

കറുത്ത ഷർട്ട് ധരിച്ച ആയുധധാരികളായ ആളുകൾ മെയ് ആറിന് ഗ്രാമത്തിലെത്തിയതെന്നും  മണിപ്പൂർ പൊലീസ് കമാൻഡോകൾ അവരെ അനുഗമിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. വീടുകൾ കത്തിച്ചപ്പോൾ പലരും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാൽ ഒറ്റക്ക് താമസിക്കുകയായിരുന്ന യുവതിയെ ആൾക്കൂട്ടം പിടികൂടി കൊലപ്പെടുത്തുകയായിരുന്നു. തന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നും പാസ്റ്റർ പറയുന്നു.

''പൊലീസ് ഞങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ എപ്പോഴും പ്രതീക്ഷിച്ചിരുന്നു, പകരം അവർ ഞങ്ങൾക്ക് നേരെ വെടിയുതിർത്തെന്നും അദ്ദേഹം പറയുന്നു.ഇത് ഭയാനകമായ ഒരു സാഹചര്യമാണ്, ഇത്തരമൊരു അനുഭവം ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ല,'' പാസ്റ്റർ പറയുന്നു.

മെയ് ആദ്യം നടന്ന ഈ സംഭവങ്ങളിലൊന്നും പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. കാങ്‌പൊക്പി യിൽ നിന്നുള്ള യുവതികളെബലാത്സംഗം ചെയ്ത് കൊന്നത് മെയ് നാലിനാണ്. ഒരുമാസം മുൻപാണ് ഈ കേസിൽ എഫ്.ഐ.ആർ ഇട്ടത്. രണ്ടുമാസമായി അന്വേഷണത്തെകുറിച്ച് ഒരു വിവരവും നൽകിയിട്ടില്ലെന്നും കൊല്ലപ്പെട്ടവരുടെ കുടുംബം ദേശീയമാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കുകി വിഭാഗത്തിൽപെട്ട യുവതികളെ നഗ്‌നരായി നടത്തി ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഇതോടെ സംഭവത്തില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം അഞ്ചായി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News