'സീതയെന്ന് സിംഹത്തിന് പേരിട്ടാൽ എന്താ കുഴപ്പം?'; സിംഹങ്ങളുടെ പേര് വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി

ഹിന്ദു വിശ്വാസ പ്രകാരം മൃഗങ്ങളും ദൈവമല്ലേയെന്നും ദുർഗ ദേവിയുടെ ചിത്രം സിംഹം ഇല്ലാതെ ചിന്തിക്കാനാകുമോയെന്നും ബെഞ്ച്

Update: 2024-02-21 11:50 GMT
Advertising

കൊൽക്കത്ത: പശ്ചിമ ബംഗാൾ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തിൽ ഇടപെട്ട് കൽക്കട്ട ഹൈക്കോടതി. സിംഹത്തിന്‌ സീത എന്ന പേരിടുന്നതിൽ എന്താണ് കുഴപ്പമെന്നും എവിടെയാണ് മൗലികാവകാശം ലംഘിക്കപ്പെട്ടതെന്നും ഹൈക്കോടതിയുടെ സിലിഗുരിയിലെ സിംഗിൾ ബെഞ്ച് ചോദിച്ചു. വി എച്ച് പി നൽകിയ കേസ് പരിഗണിച്ച ജസ്റ്റിസ് സൗഗത ഭട്ടാചാര്യയാണ് ചോദ്യമുയർത്തിയത്. സീത ദേവിയുടെ പേര് നൽകിയതിലാണ് പരാതിയെന്ന് വിഎച്ച്പി പറഞ്ഞപ്പോൾ ഹിന്ദു വിശ്വാസ പ്രകാരം മൃഗങ്ങളും ദൈവമല്ലേയെന്നും ദുർഗ ദേവിയുടെ ചിത്രം സിംഹം ഇല്ലാതെ ചിന്തിക്കാനാകുമോയെന്നും ബെഞ്ച് ചോദിച്ചു.

അതേസമയം, സിംഹങ്ങൾക്ക് പേര് നൽകിയിട്ടുണ്ടോയെന്ന് വെസ്റ്റ് ബംഗാൾ സർക്കാരിനോട് കോടതി ചോദിച്ചു. ഇക്കാര്യം വ്യക്തമാക്കാൻ നിർദേശം നൽകി. ഹരജി നാളെ വീണ്ടും പരിഗണിക്കും. അതേസമയം, ഹരജി നിലനിൽക്കില്ലെന്നും തള്ളിക്കളയണമെന്നും വെസ്റ്റ് ബംഗാൾ സർക്കാർ അഭിഭാഷകൻ പറഞ്ഞു.

സിലിഗുരി സഫാരി പാർക്കിലെ അക്ബർ -സീത സിംഹങ്ങളുടെ പേരിനെ ചൊല്ലിയും അവയെ ഒപ്പം താമസിപ്പിക്കുന്നതിനെ ചൊല്ലിയുമാണ് വിവാദമുണ്ടായത്. അക്ബറിനെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത് രംഗത്തെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന വനം വകുപ്പിനെയും സഫാരി പാർക്ക് അധികൃതരെയും എതിർ കക്ഷികളാക്കി കൽക്കട്ട ഹൈകോടതിയുടെ ജൽപായ്ഗുരിയിലെ സർക്യൂട്ട് ബെഞ്ചിൽ ഹരജി സമർപ്പിച്ചു.

സംസ്ഥാന വനം വകുപ്പാണ് സിംഹങ്ങൾക്ക് പേരിട്ടതെന്നും സീതയെ അക്ബറിനൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ നിന്ദിക്കാനാണെന്നും വി.എച്ച്.പി ആരോപിച്ചു. സിംഹങ്ങളുടെ പേര് മാറ്റണമെന്നും ഇവർ ആവശ്യപ്പെട്ടു.

'നിരവധി ആളുകളുടെ മതവികാരമാണ് വ്രണപ്പെടുത്തുന്നത്. അതിനാൽ സിംഹത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഞങ്ങൾ കൽക്കട്ട ഹൈക്കോടതിയുടെ ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ചിനെ സമീപിച്ചു' -വി.എച്ച്.പിയുടെ അഭിഭാഷകൻ ശുഭങ്കർ ദത്ത പറഞ്ഞു.

ഫെബ്രുവരി 13ന് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നാണ് രണ്ട് സിംഹങ്ങളെയും കൊണ്ടുവന്നത്. ഇവരുടെ പേര് നേരത്തെ തന്നെ സീതയും അക്ബറും ആയിരുന്നുവെന്നും തങ്ങൾ അത് മാറ്റിയിട്ടില്ലെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. സീതക്ക് അഞ്ചര വയസ്സും അക്ബറിന് ഏഴ് വയസ്സും എട്ട് മാസവുമാണ് പ്രായം. ഇവ രണ്ടും സെപാഹിജാല സുവോളജിക്കൽ പാർക്കിലാണ് ജനിച്ച് വളർന്നത്. രണ്ടുപേരും ഒരേ ചുറ്റുപാടിൽ കഴിഞ്ഞതിനാലാണ് ഇവിടേക്ക് ഒരുമിച്ച് കൊണ്ടുവന്നത്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News