സന്ദേശ്ഖലിയിലെ മുഴുവന്‍ കേസുകളും സി.ബി.ഐക്ക്; ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി
കോടതി മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക
കൊൽക്കത്ത: ബംഗാൾ സന്ദേശ്ഖലിയിലെ മുഴുവൻ കേസുകളും സിബിഐ അന്വേഷിക്കും.കൊൽക്കത്ത ഹൈക്കോടതിയുടേതാണ് ഉത്തരവ്.കോടതി മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക.അതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ സി.ബി.ഐക്ക് വിടണമെന്ന ആവശ്യം നേരത്തെയുയർന്നിരുന്നു. എന്നാൽ സി.ബി.ഐ അന്വേഷണത്തിൽ കാര്യമില്ലെന്ന നിലപാടിലായിരുന്നു ബംഗാൾ സർക്കാർ ഉറച്ച് നിന്നത്. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് ബംഗാൾ സർക്കാറിന് തിരിച്ചടിയായിരിക്കുകയാണ്.
പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്റെ വീട് റെയ്ഡ് ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എത്തിയതിന് പിന്നാലെ വലിയ രീതിയിലുള്ള സംഘർഷങ്ങളാണ് സന്ദേശ്ഖലിയിൽ പൊട്ടിപ്പുറപ്പെട്ടത്. ഇ.ഡി ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിക്കുകയും ചെയ്തു. സന്ദേശ്ഖലിയായിൽ സ്ത്രീകളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയതിനും ഭൂമി തട്ടിയെടുക്കലിനുമായി നിരവധി പരാതികൾ ഷാജഹാൻ ശൈഖിനും കൂട്ടാളികൾക്കെതിരെയും ഉണ്ട്.