'പശുത്തൊഴുത്തിൽ കിടന്നാൽ കാൻസർ ഭേദമാകും'; വിചിത്രവാദവുമായി യുപി മന്ത്രി
വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളിൽ ആഘോഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ലഖ്നൗ: പശുത്തൊഴുത്ത് വൃത്തിയാക്കി അവിടെ കിടന്നാൽ കാൻസർ ഭേദമാകുമെന്ന വാദവുമായി യുപി ബിജെപി മന്ത്രി. കരിമ്പ് വികസന മന്ത്രിയായ സഞ്ജയ് സിങ് ഗാംഗ്വാറാണ് വിചിത്ര പ്രസ്താവനയുമായി രംഗത്തെത്തിയത്. തന്റെ മണ്ഡലമായ പിലിഭിത്തിലെ പകാഡിയ നൗഗവാനിലെ ഗോശാല ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പരാമർശം.
കാൻസർ രോഗികൾക്ക് പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്ന് സ്വയം സുഖപ്പെടുത്താമെന്നും പശുക്കളെ ലാളിച്ചും സേവിച്ചും രക്തസമ്മർദത്തിനുള്ള മരുന്നുകളുടെ അളവ് 10 ദിവസത്തിനുള്ളിൽ പകുതിയായി കുറയ്ക്കാമെന്നും മന്ത്രി അവകാശപ്പെട്ടു. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളിൽ ആഘോഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
രക്തസമ്മർദമുള്ള രോഗിയുണ്ടെങ്കിൽ ഇവിടെ പശുക്കൾ ഉണ്ട്. ദിവസവും രാവിലെയും വൈകുന്നേരവും പശുവിന്റെ മുതുകിൽ തലോടി സേവിക്കണം. ഒരാൾ രക്തസമ്മർദത്തിന് 20 മില്ലിഗ്രാം ഡോസ് മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ, 10 ദിവസത്തിനുള്ളിൽ അത് 10 മില്ലിഗ്രാമായി കുറയും. ഞാൻ പരീക്ഷിച്ച കാര്യമാണ് നിങ്ങളോട് പറയുന്നത്- മന്ത്രി പറഞ്ഞു.
ഒരു കാൻസർ രോഗി പശുത്തൊഴുത്ത് വൃത്തിയാക്കുകയും അതിൽ കിടക്കുകയും ചെയ്താൽ അയാളുടെ രോഗം പൂർണമായും ഭേദമാവും. നിങ്ങൾ പശുച്ചാണകം കത്തിച്ചാൽ കൊതുകുശല്യം ഉണ്ടാവില്ല. എല്ലാ പ്രശ്നങ്ങൾക്കും പശുവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളിൽ പരിഹാരമുണ്ട്- മന്ത്രി അവകാശപ്പെട്ടു.
വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളിൽ ആഘോഷിക്കാനും കാലിത്തീറ്റ ദാനം ചെയ്യാനും താൻ ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ടെന്നും സഞ്ജയ് സിങ് കൂട്ടിച്ചേർത്തു. ഇതാദ്യമായല്ല, ബിജെപി നേതാക്കളും മന്ത്രിമാരും പശുവിൽ കാൻസറിന് പരിഹാരമുണ്ടെന്ന വാദമുന്നയിക്കുന്നത്.
കാന്‍സര്‍ മരുന്നുകളിലും ചികത്സയ്ക്കും ഗോമൂത്രം ഉപയോഗിക്കാമെന്ന് നിലവിലെ കേന്ദ്ര ഭക്ഷ്യ-പരിസ്ഥിതി സഹമന്ത്രിയും മുൻ ആരോഗ്യ സഹമന്ത്രിയുമായ അശ്വിനി കുമാര്‍ ചൗബേ അവകാശപ്പെട്ടിരുന്നു. രാജ്യത്ത് പല മരുന്നുകള്‍ ഉണ്ടാക്കുന്നതിനും ഗോമൂത്രം ഉപയോഗിക്കുന്നുണ്ടെന്നും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളുടെ ചികിത്സയ്ക്കു പോലും ഗോമൂത്രം ഉപയോഗിക്കുന്നതിന്‍റെ സാധ്യതകള്‍ പരിഗണിച്ചു വരികയാണെന്നും മന്ത്രി മുമ്പ് വ്യക്തമാക്കിയിരുന്നു.
ഗോമൂത്രവും പശുവിന്റെ മറ്റ് ഉൽപ്പന്നങ്ങളും കൂട്ടിച്ചേര്‍ത്ത് കഴിച്ചതാണ് തന്റെ സ്തനാര്‍ബുദം മാറാന്‍ കാരണമായതെന്ന് അവകാശവാദവുമായി ഭോപ്പാൽ ബിജെപി എംപിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാസിങ് ഠാക്കൂര്‍ രംഗത്തുവന്നിരുന്നു. പശുസമ്പത്ത് അമൃതാണെന്നും ഗോശാല തപസ്സിരിക്കാന്‍ പറ്റിയ ഇടമാണെന്നും പ്രഗ്യാ സിങ് പറഞ്ഞിരുന്നു.
നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഹിന്ദുക്കള്‍ ഗര്‍ബ പന്തലില്‍ പ്രവേശിക്കുന്നതിന് മുന്‍പ് നിര്‍ബന്ധമായും ഗോമൂത്രം കുടിക്കണമെന്ന് ഈ മാസമാദ്യം ബിജെപി നേതാവ് ചിന്തു വര്‍മ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഹിന്ദുക്കള്‍ക്ക് ഗോമൂത്രം കുടിക്കാന്‍ എതിര്‍പ്പുണ്ടാകില്ലെന്നും ഇന്‍ഡോറിലെ ബിജെപി ജില്ലാ പ്രസിഡന്റായ ചിന്തു വര്‍മ അഭിപ്രായപ്പെട്ടിരുന്നു.