ഗൾഫിൽനിന്ന് സ്വർണം കൊണ്ടുവരുന്നത് കേരളത്തിൽ സാധാരണ കാര്യം: സുപ്രിംകോടതി
ഏറെക്കുറെ എല്ലാവരും സ്വർണം ധരിക്കുന്നത് കേരളത്തിന്റെ സവിശേഷ സംസ്‌കാരത്തിന്റെ ഭാഗമാണ്. സ്വർണം ഒരു നിക്ഷേപമായാണ് കേരളത്തിൽ കണക്കാക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽനിന്ന് സ്വർണം കൊണ്ടുവരുന്നത് കേരളത്തിൽ ഒരു സാധാരണ കാര്യം മാത്രമാണെന്ന് സുപ്രിംകോടതി. കോഫെപോസ നിയമപ്രകാരം തടങ്കലിലാക്കിയ വ്യക്തിയെ വിട്ടയച്ച 2024 ഏപ്രിലിലെ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ ഹരജി നൽകിയത്. പിടിയിലായ സിറാജിനെതിരെ നേരത്തെയും സ്വർണക്കടത്തിന് കേസുണ്ടായിരുന്നുവെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞപ്പോഴായിരുന്നു ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയ്യാൻ എന്നിവരുടെ പ്രതികരണം.
ഭാര്യയുടെ ഹരജി പരിഗണിച്ചാണ് സിറാജിനെ ഹൈക്കോടതി മോചിപ്പിച്ചത്. ''കേരളത്തെ സംബന്ധിച്ച് ഇതൊരു സാധാരണ കാര്യമാണ്. സ്വർണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ നിരവധി കേസുകളുണ്ട്. ആളുകൾ വിദേശത്ത് പോകുന്നു, ദിർഹം സമ്പാദിക്കുന്നു, സ്വർണം വാങ്ങി തിരിച്ചുവരുന്നു''-ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
യുഎഇയിൽനിന്ന് സ്വർണം കൊണ്ടുവരുന്നത് കേരളത്തിൽ സാധാരണയാണ്. ഏറെക്കുറെ എല്ലാവരും സ്വർണം ധരിക്കുന്നത് കേരളത്തിന്റെ സവിശേഷ സംസ്‌കാരത്തിന്റെ ഭാഗമാണ്. സ്വർണം ഒരു നിക്ഷേപമായാണ് കേരളത്തിൽ കണക്കാക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ഹൈക്കോടതി തീരുമാനത്തിൽ ഇടപെടാൻ സുപ്രിംകോടതി വിസമ്മതിച്ചു. കോഫെപോസ പ്രകാരമുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാൻ അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളിയ സുപ്രിംകോടതി കസ്റ്റംസ് ആക്ട് പ്രകാരമുള്ള നിയമനടപടികൾ തുടരാൻ അനുമതി നൽകി.