ജോലി വാഗ്ദാനം ചെയ്ത് 21കാരിയെ കോടതി ചേംബറിൽ ബലാത്സംഗം ചെയ്തു; അഭിഭാഷകനെതിരെ കേസ്
പീഡനവിവരം ആരോടെങ്കിലും പറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അഭിഭാഷകൻ ഭീഷണിപ്പെടുത്തി.
ന്യൂഡൽഹി: ജോലി വാഗ്ദാനം ചെയ്ത് കോടതി ചേംബറിൽ വച്ച് 21കാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അഭിഭാഷകനെതിരെ കേസ്. ഡൽഹി തീസ് ഹസാരി ജില്ലാ കോടതിയിലെ അഭിഭാഷകനെതിരെയാണ് കേസ്. ജൂലൈ 30ന് യുവതിയുടെ പിതൃസഹോദരി നൽകിയ പരാതിയിൽ സബ്ജി മാണ്ഡി പൊലീസാണ് കേസെടുത്തത്.
ജോലിയന്വേഷിച്ചു നടന്ന തന്റെ അനന്തരവൾക്ക് താൻ പരിചയക്കാരനായ അഭിഭാഷകന്റെ നമ്പർ നൽകുകയായിരുന്നു. അയാളെ വിളിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ചേംബറിലെത്താൻ ആവശ്യപ്പെട്ടു. അടുത്ത 8-10 ദിവസത്തിനുള്ളിൽ ജോലി ഉറപ്പാക്കാമെന്ന് അഭിഭാഷകൻ യുവതിയോട് പറഞ്ഞു.
10 ദിവസത്തിന് ശേഷം, യുവതി വീണ്ടും അഭിഭാഷകനെ ബന്ധപ്പെട്ടപ്പോൾ സംസാരത്തിനിടെ തനിക്കൊരു നല്ല സുഹൃത്തിനെ ആവശ്യമുണ്ടെന്ന് ഇയാൾ യുവതിയോട് പറഞ്ഞു. തുടർന്ന് ജോലിക്കാര്യം പറഞ്ഞ് ജൂലൈ 27ന് വീണ്ടും ചേംബറിലേക്ക് വിളിച്ചുവരുത്തി. കുറച്ച് നേരം സംസാരിച്ചതിന് ശേഷം അഭിഭാഷകൻ യുവതിയെ പിടിച്ചുതള്ളിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
യുവതി നിലവിളിക്കാൻ തുടങ്ങിയതോടെ, പീഡനവിവരം ആരോടെങ്കിലും പറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അഭിഭാഷകൻ ഭീഷണിപ്പെടുത്തി. തുടർന്ന് 1,500 രൂപ നൽകിയ ശേഷം വീട്ടിൽ പോകാൻ പറഞ്ഞെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
വീട്ടിലെത്തിയ യുവതി ഇക്കാര്യം പിതൃസഹോദരിയോട് പറയുകയും അവർ പൊലീസിനെ സമീപിക്കുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.