റെയിൽവെ ഭൂമി അഴിമതി; റാബ്‌റി ദേവിയുടെ വീട്ടിൽ സി.ബി.ഐ പരിശോധന
കേസിൽ റാബ്റി ദേവിയെ സി.ബി.ഐ ചോദ്യം ചെയ്തു
ഡല്‍ഹി: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്‍റെ ഭാര്യയുമായ റാബ്‌റി ദേവിയുടെ വീട്ടിൽ സി.ബി.ഐ പരിശോധന. റെയിൽവെ ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. കേസിൽ റാബ്റി ദേവിയെ സി.ബി.ഐ ചോദ്യം ചെയ്തു.
ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്ക് കൈക്കൂലിയായി ഭൂമി എഴുതി വാങ്ങിയെന്ന കേസിലാണ് പരിശോധന. കേസുമായി ബന്ധപ്പെട്ട് റാബ്‌റി ദേവിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി സി.ബി.ഐ ഓഫീസിലേക്ക് വിളിപ്പിച്ചേക്കും. പരിശോധന നടക്കുമ്പോള്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയും റാബ്റി ദേവിയുടെ മകനുമായ തേജസ്വി യാദവ് വസതിയില്‍ ഉണ്ടായിരുന്നു. പരിശോധന കണക്കിലെടുത്ത് വീടിന് പുറത്ത് കനത്ത സുരക്ഷ ഒരുക്കി. കേസിൽ ഈ മാസം 16 ന് നേരിട്ട് ഹാജരാകാൻ ഡൽഹി റോസ് അവന്യു കോടതി പ്രതികൾക്ക് നോട്ടിസ് അയച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കേസിൽ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പരിശോധനയ്ക്കെതിരെ ആർ.ജെ.ഡി പ്രവർത്തകർ പ്രതിഷേധിച്ചു.
സി.ബി.ഐ നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിപക്ഷ പാർട്ടി നേതാക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെ 8 പ്രതിപക്ഷ പാർട്ടി നേതാക്കൾ പ്രധാനമന്ത്രിക്ക് കത്തയച്ചത് 24 മണിക്കൂർ തികയുന്നതിന് മുൻപാണ് ബിഹാറിലെ പരിശോധന.