'ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ കേസ് വരും'; തൃണമൂൽ നേതാക്കള്‍ക്ക് ഇ.ഡി-എൻ.ഐ.എ ഭീഷണിയെന്ന് മമത
കഴിഞ്ഞ ദിവസം ഈസ്റ്റ് മെദിനിപൂരിലുള്ള ഭൂപതി നഗറിൽ നടത്തിയ റെയ്ഡിൽ എൻ.ഐ.എ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്
കൊൽക്കത്ത: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ആരോപണവുമായി തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ കേസ് നേരിടേണ്ടിവരുമെന്ന് എൻ.ഐ.എയും ഇ.ഡിയും സി.ബി.ഐയുമെല്ലാം തൃണമൂൽ നേതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന് അവർ ആരോപിച്ചു.
പുരുലിയയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത. എൻ.ഐ. ''എൻ.ഐ.എ, ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ തൃണമൂൽ കോൺഗ്രസ് നേതാക്കളെ വേട്ടയാടാനായി ഉപയോഗിക്കുകയാണ്. വീടുകളിൽ അതിക്രമിച്ചു കയറിയും മുൻകൂട്ടി വിവരം നൽകാതെയുമാണ് ഇവർ റെയ്ഡ് നടത്തുന്നത്. കൂരിരുട്ടിൽ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ ഇങ്ങനെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയാൽ സ്ത്രീകൾ എന്തു ചെയ്യും?''-മമത ചോദിച്ചു.
കഴിഞ്ഞ ദിവസം ഈസ്റ്റ് മെദിനിപൂരിലുള്ള ഭൂപതി നഗറിൽ നടന്ന എൻ.ഐ.എ റെയ്ഡ് സൂചിപ്പിച്ചാണ് ബംഗാൾ മുഖ്യമന്ത്രിയുടെ പരാമർശം. രാത്രി വൈകി വാതിൽ പൊളിച്ച് ഉദ്യോഗസ്ഥർ പരിശോധനയെന്ന പേരിൽ വീടിന്റെ അകത്തു കയറിയത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ യുവതിയുടെ പരാതിയിൽ എൻ.ഐ.എ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നാണ് തങ്ങളുടെ നേതാക്കളോടും പ്രവർത്തകരോടും ഏജൻസികൾ പറയുന്നതെന്നും മമത ആരോപിച്ചു. രാമനവമിയോടനുബന്ധിച്ച് ബി.ജെ.പി വർഗീയ സംഘർഷത്തിനു ശ്രമിക്കുമെന്നും അതിൽ ആരും വീഴരുതെന്നും അവർ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാർ ബംഗാളിന് മഹാത്മാ ഗാന്ധി തൊഴിലുറപ്പ്, പി.എം ആവാസ് പദ്ധതി ഫണ്ടുകളൊന്നും തരുന്നില്ലെന്നും മമത ബാനർജി കുറ്റപ്പെടുത്തി.
ഭൂപതി നഗർ സ്വദേശിയായ യുവതിയുടെ പരാതിയിൽ എൻ.ഐ.എയ്ക്കും സി.ആർ.പി.എഫിനുമെതിരെ ഈസ്റ്റ് മെദിനിപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തന്നെയും ഭർത്താവിനെയും എൻ.ഐ.എ, സി.ആർ.പി.എഫ് സംഘം ആക്രമിച്ചെന്ന് യുവതി പരാതിയിൽ ആരോപിച്ചു. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ഇടപെട്ടെന്നും പരാതിയിൽ പറയുന്നു. ഐ.പി.സി 325, 34, 354, 354(ബി), 427, 448, 509 വകുപ്പുകളാണ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയത്.
അതിനിടെ, ഭൂപതി നഗറിൽ എൻ.ഐ.എ സംഘത്തിനുനേരെ കഴിഞ്ഞ ദിവസം ആക്രമണവും നടന്നിരുന്നു. സംഭവത്തിൽ ഇതുവരെ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല. 2022 ഡിംസബർ മൂന്നിന് ഭൂപതിനഗറിൽ മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലാണ് എൻ.ഐ.എ അന്വേഷണം നടക്കുന്നത്. സംഭവത്തിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ കഴിഞ്ഞ ദിവസം ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഉദ്യോഗസ്ഥസംഘത്തിനുനേരെ ആക്രമണം നടന്നത്. സംഭവത്തിൽ ഒരു ഉദ്യോഗസ്ഥനു നിസ്സാരമായ പരിക്കേറ്റു. എൻ.ഐ.എ സംഘം സഞ്ചരിച്ച വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Summary: Central agencies including ED, NIA and CBI asking TMC leaders to join BJP or face action: Mamata Banerjee