പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടി; അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
600 നിയമസഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുകയെന്നും എല്ലാ നിയമസഭാമണ്ഡലങ്ങളിലും സ്ത്രീകൾക്ക് പ്രത്യേക പോളിങ് സ്റ്റേഷനുണ്ടാകുമെന്നും കമ്മീഷൻ
ഒമിക്രോണടക്കം തീവ്രമായിരിക്കെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടിയും പുതിയ തെരഞ്ഞെടുപ്പ് പ്രോട്ടോക്കോൾ പാലിച്ചും അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 600 നിയമസഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുകയെന്നും എല്ലാ നിയമസഭാമണ്ഡലങ്ങളിലും സ്ത്രീകൾക്ക് പ്രത്യേക പോളിങ് സ്റ്റേഷനുണ്ടാകുമെന്നും കമ്മീഷൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുക ഏറെ വെല്ലുവിളി നിറഞ്ഞകാര്യമാണെന്നും ഒമിക്രോൺ സാഹചര്യത്തിൽ കൃത്യമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നതായും ആരോഗ്യ സെക്രട്ടറിയും ആരോഗ്യ വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തിയെന്നും അവർ പറഞ്ഞു. വോട്ടർമാരുടെ സുരക്ഷയാണ് പ്രധാനമെന്നും അതിനായി കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലുമായി ആകെ 18.34 കോടി വോട്ടർമാരുണ്ടെന്നും ഇവർക്കായി 2,15,368 പോളിങ് സ്റ്റേഷനുകൾ ഒരുക്കുമെന്നും അറിയിച്ചു. 24.5 ലക്ഷം പുതിയ വോട്ടർമാരുണ്ടാകുമെന്നും പറഞ്ഞു. പോളിങ് സ്റ്റേഷനുകളിൽ സുരക്ഷ ഉറപ്പാക്കുമെന്നും സൂചിപ്പിച്ചു.
അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് നാമനിർദേശപത്രിക ഓൺലൈനായി സമർപ്പിക്കാമെന്നും പോളിംഗ് സ്റ്റേഷനുകൾ 16 ശതമാനം വർധിപ്പിച്ചുവെന്നും പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചവർക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യമേർപ്പെടുത്തുമെന്നും പ്രശ്‌നസാധ്യത ഉള്ള ബൂത്തുകളിൽ വെബ് കാസ്റ്റിങ് നടത്തുമെന്നും പറഞ്ഞു.
The Central Election Commission (CEC) has said it will increase the number of polling stations and hold elections in five states in compliance with the new election protocol