അഞ്ചു ദിവസം കൊണ്ട് നേടിയത് 579 കോടി! നായിഡുവിനു മാത്രമല്ല, ഭാര്യ നാരയ്ക്കും ഇത് സുവർണകാലം

നായിഡു-നാര ദമ്പതികളുടെ മകൻ ലോകേഷ് നാരയുടെ ആസ്തിയും കുതിച്ചുയർന്ന് 237.8 കോടിയിൽ എത്തിനിൽക്കുകയാണ്

Update: 2024-06-07 17:13 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ/അമരാവതി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ ട്രെൻഡുകൾ വ്യക്തമായതോടെ അതിന്റെ ആദ്യ പ്രതികരണമുണ്ടായത് ഓഹരി വിപണിയിലായിരുന്നു. 400 എന്ന അവകാശവാദം പോയിട്ട് 272 എന്ന കേവല ഭൂരിപക്ഷ സംഖ്യ പോലും തൊടാൻ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ആകില്ലെന്ന് ഫലപ്രഖ്യാപന ദിനം ഏതാനും മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ വ്യക്തമായിരുന്നു. ഇതോടെ ഓഹരി വിപണിയും കൂപ്പുകുത്തി. അതിൽ ഏറ്റവും നഷ്ടം നേരിട്ടത് മോദിയുടെ ഉറ്റകൂട്ടുകാരൻ ഗൗതം അദാനിക്കും. എക്‌സിറ്റ് പോൾ കണക്കുകൾ കണ്ട് കത്തിക്കയറിയ ഓഹരി സൂചികകളാണ് ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ കൂപ്പുകുത്തിയത്.

എന്നാൽ, ഈ രാഷ്ട്രീയ-ഓഹരി ചാഞ്ചാട്ടങ്ങളെല്ലാം അനുഗ്രഹമായി മാറിയ ഒരാളുണ്ട് രാജ്യത്ത്; ചന്ദ്രബാബു നായിഡു. ഒറ്റ ദിവസം കൊണ്ട് നായിഡു പൊളിറ്റിക്കൽ കിങ് മേക്കറായി രാജ്യത്തെ ശ്രദ്ധാകേന്ദ്രമായപ്പോൾ, ഭാര്യ നാര ഭുവനേശ്വറിയുടെ കുതിപ്പ് സാമ്പത്തിക രംഗത്തായിരുന്നു. നായിഡു ചെയർമാനും നാര വൈസ് ചെയർമാനുമായ ഹെരിറ്റേജ് ഫുഡ്‌സ് വെറും അഞ്ചു ദിവസം കൊണ്ട് വാരിക്കൂട്ടിയത് 579 കോടി രൂപയാണ്. കമ്പനിയുടെ പ്രധാന ഓഹരി ഉടമ കൂടിയാണ് നാര. 24.37 ശതമാനം, അഥവാ 2,26,11,525 ഓഹരികളാണ് അവരുടെ ഉടമസ്ഥതയിലുള്ളത്.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ക്ഷീരോൽപന്ന കമ്പനിയാണ് ഹെരിറ്റേജ് ഫുഡ്‌സ്. പാൽ, നെയ്യ്, ഐസ്‌ക്രീം, തൈര്, ബട്ടർ, ലെസ്സി ഉൾപ്പെടെയുള്ള വിവിധ ക്ഷീര ഉൽപന്നങ്ങളാണ് കമ്പനി ഉൽപാദിപ്പിക്കുന്നത്. കമ്പനിയുടെ മുഖ്യ പ്രമോട്ടർ കൂടിയാണ് നാര ഭുവനേശ്വരി. കമ്പനിയുടെ തീരുമാനങ്ങളിലെല്ലാം മുഖ്യ പങ്കുവഹിക്കുന്നതും. കഴിഞ്ഞ ചൊവ്വാഴ്ച ഓഹരി വിപണിയിലുണ്ടായ തകർച്ച ഒട്ടും ബാധിച്ചില്ലെന്നു മാത്രമല്ല, തെരഞ്ഞെടുപ്പ് ഫലം എല്ലാ അർഥത്തിലും നായിഡു കുടുംബത്തിന് അനുഗ്രഹമായി മാറുകയായിരുന്നു.

കഴിഞ്ഞ അഞ്ച് സെഷനുകളിലായി ഹെരിറ്റേജ് ഫുഡ്‌സിന്റെ ഓഹരികളിൽ വൻ കുതിപ്പാണുണ്ടായത്. ഓഹരിക്ക് 256.10 രൂപ നിരക്കിലാണ് കുതിച്ചുയർന്നത്. 55 ശതമാനമാത്തിന്റെ കുതിപ്പാണിത്.

ജൂൺ മൂന്നിന്, തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ള ഘട്ടത്തിൽ 424 രൂപയിലാണു വ്യാപാരം നടന്നത്. ഫലപ്രഖ്യാപനം പൂർത്തിയായി നാലു ദിവസം പിന്നിടുമ്പോൾ രാജ്യം സുപ്രധാന രാഷ്ട്രീയ നീക്കങ്ങൾക്കു സാക്ഷിയായി. ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും പിന്തുണയോടെ മോദി മൂന്നാമൂഴം ഉറപ്പാക്കി. മിന്നും പ്രകടനത്തിലും പ്രതിപക്ഷത്തിരിക്കാമെന്ന് ഇൻഡ്യ സഖ്യവും തീരുമാനമെടുത്തു. ഇതിനിടയിൽ ഹെരിറ്റേജ് ഫുഡ്‌സ് ഓഹരി വിപണയിൽ കത്തിക്കയറി ഇന്ന് ഓഹരിക്ക് 661.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്.

1992ൽ ചന്ദ്രബാബു നായിഡുവാണ് ക്ഷീരോൽപന്നങ്ങളുമായി കമ്പനിക്കു തുടക്കമിട്ടത്. ഇപ്പോൾ ക്ഷീരോൽപന്നങ്ങൾക്കു പുറമെ പുനരുപയോഗ ഊർജരംഗത്തേക്കും കമ്പനി ബിസിനസ് വ്യാപിപ്പിച്ചിരിക്കുകയാണ്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്കു പുറമ കേരളം, കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡിഷ, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെല്ലാം വിപണിയിൽ ശക്തമായ സാന്നിധ്യമാണ് ഹെരിറ്റേജ് ഉൽപന്നങ്ങൾ.

നാരയ്ക്കു പുറമെ ദമ്പതികളുടെ മകൻ ലോകേഷ് നാരയ്ക്കും കമ്പനിയിൽ വലിയ പങ്കാളിത്തമുണ്ട്. 1,00,37,453 ഓഹരികളാണ് ലോകേഷിനുള്ളത്. കമ്പനിയുടെ കുതിപ്പിനിടെ അദ്ദേഹത്തിന്റെ ആസ്തിയിലും കുതിച്ചുയർന്ന് 237.8 കോടി രൂപയിൽ എത്തിനിൽക്കുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നും പ്രകടനത്തിനു പുറമെ ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിനെ നിലംപരിശാക്കി ആന്ധ്രപ്രദേശിന്റെ ഭരണവും പിടിച്ചിരിക്കുകയാണ് ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടി(ടി.ഡി.പി). പവൻ കല്യാണിന്റെ ജനസേന പാർട്ടിയും ബി.ജെ.പിയും ചേർന്ന സഖ്യത്തിലായിരുന്നു ടി.ഡി.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തവണത്തെ പ്രകടനത്തിൽനിന്ന് 112 സീറ്റ് കുത്തനെ വർധിപ്പിച്ച് 135 സീറ്റുമായി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം സ്വന്തമാക്കി നായിഡു. പവൻ ഒന്നിൽനിന്ന് 21ലേക്കും വൻ കുതിപ്പുണ്ടാക്കിയപ്പോൾ, മറുവശത്ത് ജഗനും വൈ.എസ്.ആർ പാർട്ടിയും എല്ലാവരെയും ഞെട്ടിച്ച് 151ൽനിന്ന് വെറും 11 സീറ്റിലേക്കു കൂപ്പുകുത്തുകയാണുണ്ടായത്.

Summary: Chandrababu Naidu's wife Nara Bhuvaneshwari earns RS 579 crore in 5 days from this stock, son Nara Lokesh gains 237 crores

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News