ഛത്തീസ്ഗഡിൽ മൃദുഹിന്ദുത്വം മുഖ്യ ആയുധമാക്കി കോണ്‍ഗ്രസ്
പ്രതിപക്ഷ നിരയിലുള്ള അഭിപ്രായ ഭിന്നതയാണ് മധ്യപ്രദേശിൽ ബി.ജെ.പി തുറുപ്പുചീട്ടായി കരുതുന്നത്
റായ്പൂര്‍: ബി.ജെ.പി പ്രകടനപത്രികയും മറികടക്കാൻ മൃദുഹിന്ദുത്വം മുഖ്യ ആയുധമാക്കുകയാണ് ഛത്തീസ്ഗഡിൽ കോൺഗ്രസ്. പ്രകടനപത്രിക പുറത്തിറക്കിയതിന് പിന്നാലെ താര പ്രചാരകരെ ഒരിക്കൽ കൂടി സംസ്ഥാനത്തേക്ക് എത്തിക്കാനുള്ള നീക്കവും ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നിരയിലുള്ള അഭിപ്രായ ഭിന്നതയാണ് മധ്യപ്രദേശിൽ ബി.ജെ.പി തുറുപ്പുചീട്ടായി കരുതുന്നത്.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഉള്ള ഹിന്ദു വോട്ടുകൾ തങ്ങളുടെ അക്കൗണ്ടിലേക്ക് എത്തിക്കാനാണ് ബിജെപിയും കോൺഗ്രസും തീവ്ര ശ്രമം നടത്തുന്നത്. ജനസംഖ്യയിൽ ഭൂരിഭാഗവും ഉള്ള ഹിന്ദു വോട്ടുകൾ ഛത്തീസ്ഗഡിൽ കോൺഗ്രസിന് ഒപ്പമാണ്. രാം വൻ ഗമന യാത്ര ഉൾപ്പെടെയുള്ള ടൂറിസം പദ്ധതികളും ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ ആവിഷ്കരിച്ചത് ഹിന്ദു വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ്. ഇതിനെ മറികടക്കാൻ ആണ് പിന്നോക്ക വിഭാഗങ്ങൾക്ക് മുൻതൂക്കം നൽകി ബി.ജെ.പി ഇന്നലെ പ്രകടന പത്രിക പുറത്തിറക്കിയത്. ഒന്നാംഘട്ട വോട്ടെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനത്ത് കൂടുതൽ താര പ്രചാരക രംഗത്തിറക്കാൻ ആണ് ബി.ജെ.പിയുടെ നീക്കം.
തെരഞ്ഞെടുപ്പ് പ്രചാരണം ഞായറാഴ്ച കുട്ടിക്കലാശം നടത്തും മുൻപ് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഛത്തീസ്ഗഡിൽ പ്രചാരണത്തിനായി എത്തും. ഇന്നലെ ഛത്തീസ്ഗഡിൽ ഓൺലൈൻ ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് നടത്തിയ പരിശോധന ആയുധമാക്കുകയാണ് ബി.ജെ.പി. ഛത്തീസ്ഗഡ് കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കള്ളപ്പണം ലഭിച്ചു എന്ന ഇഡിയുടെ ആരോപണമാണ് ബി.ജെ.പിയും ഏറ്റുപിടിക്കുന്നത്. മധ്യപ്രദേശിൽ ഉയരുന്ന ഭരണവിരുദ്ധ വികാരം പ്രതിപക്ഷ നിരയിലെ അനൈക്യം ഉപയോഗിച്ച് മറികടക്കാം എന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. ഇൻഡ്യ മുന്നണി സമവാക്യങ്ങൾ ലംഘിച്ച് ഒറ്റയ്ക്ക് മത്സരിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കായി ദേശീയ നേതാക്കൾ ഇന്നും സംസ്ഥാനത്ത് പ്രചാരണത്തിനായി ഉണ്ട്.
രാജസ്ഥാനിൽ അവശേഷിക്കുന്ന സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള നീക്കത്തിന് കോൺഗ്രസും ബി.ജെ.പിയും വേഗം വർദ്ധിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശിലെതിന് സമാനമായി എതിരാളികളെ ഭിന്നിപ്പിക്കാൻ രാജസ്ഥാനിൽ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല. ഇന്നലെ സംസ്ഥാനത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനകൾക്ക് എതിരെ ഓരോ മണ്ഡലങ്ങളിലും കോൺഗ്രസും ക്യാമ്പയിൻ നടത്തുന്നുണ്ട്.