'ഭാരത് മാതയല്ല, ചത്തീസ്ഗഢ് മഹ്താരി'; ബി.ജെ.പിയെ മൂലക്കിരുത്താൻ സംസ്ഥാന ചിഹ്നവുമായി കോൺഗ്രസ് സർക്കാർ
''നിങ്ങൾ സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല. സാധാരണക്കാർ അസന്തുഷ്ടരാണെങ്കിൽ അവർ ചിഹ്നങ്ങൾ ശ്രദ്ധിക്കില്ല. ജനങ്ങൾക്കായി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല' ബാഗൽ സർക്കാറിനെ വിമർശിച്ച് മുതിർന്ന ബിജെപി നേതാവ്
ചത്തീസ്ഗഢ്: ഇന്ത്യയുടെ ചിഹ്നമായി ബിജെപി 'ഭാരത് മാതാ'വിനെ അവതരിപ്പിക്കുന്നത് പോലെ സംസ്ഥാനത്തിന് ചിഹ്നവുമായി ചത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാർ. 'ചത്തീസ്ഗഢ് മഹ്താരി'യെന്ന ചിഹ്നമാണ് ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലുള്ള സർക്കാർ അവതരിപ്പിച്ചത്. ചത്തീസ്ഗഢിലെ ഭാഷാ വകഭേദത്തിൽ 'മഹ്താരി'ക്ക് മാതാവ് എന്നാണർത്ഥം. സംസ്ഥാന സർക്കാറിന്റെ എല്ലാ ഓഫീസുകളിലും ഈ പോർട്രൈയ്റ്റ് ഉപയോഗിക്കണമെന്ന് ബാഗൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആദ്യഘട്ടത്തിൽ ഗദ്യ സാഹിത്യത്തിലാണ് ചത്തീസ്ഗഢ് മഹ്താരി രൂപപ്പെട്ടത്. പച്ച സാരി (ലുഗ്‌റ) ധരിച്ച് ചെടികളുടെ കിരീടവുമായി നിൽക്കുന്ന ചിത്രീകരണത്തിലെ ദേവതയുടെ കയ്യിൽ വൈക്കോലും അരിവളുമുണ്ട്. 1990കളിലാണ് ഈ പോർട്രൈയ്റ്റ് ചിത്രീകരിക്കപ്പെട്ടത്. 1996ൽ ചത്തീസ്ഗഢ് സംസ്ഥാനത്തിനായി വാദം ഉയർന്നതോടെയാണ് ഈ ചിഹ്നം ശ്രദ്ധിക്കപ്പെട്ടതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. തലസ്ഥാനമായ റായ്പൂരിലുൾപ്പെടെ സംസ്ഥാനത്തിന്റെ പലഭാഗത്തും ചത്തീസ്ഗഢ് മഹ്താരിയുടെ ക്ഷേത്രങ്ങളുണ്ട്. പ്രത്യേക സംസ്ഥാനം രൂപവത്കരിക്കപ്പെട്ടതോടെ ഈ ചിഹ്നം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് കുറഞ്ഞിരുന്നു. എന്നാൽ ബാഗൽ സർക്കാറിന്റെ പുതിയ തീരുമാനത്തോടെ ചിഹ്നം വീണ്ടും രാഷ്ട്രീയ ശ്രദ്ധയാകർഷിക്കുകയാണ്.
''അവൾ ഒരു ദേവതയല്ല, മറിച്ച് സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നമാണ്. ശിരസ്സ് സർഗുജ ഡിവിഷനും കാലുകൾ സുക്മയുമാണ്. ഭാരത മാതയെ പോലെ, അവൾ സംസ്ഥാനത്തിന്റേതാണ്'' ഒരു മുതിർന്ന ചരിത്രകാരൻ പറഞ്ഞു.
പ്രാദേശിക ജനങ്ങളുടെ കരുത്തിന്റെ പ്രതീകവും സംസ്ഥാനത്തെ ബന്ധിപ്പിക്കുന്ന ചിഹ്നവുമാണ് ചത്തീസ്ഗഢ് മഹ്താരിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മണ്ണിന്റെ മകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബാഗൽ പ്രാദേശിക ചിഹ്നങ്ങളുമായി സ്വയം ബന്ധിപ്പിക്കാൻ ശ്രമിക്കാറുണ്ട്. 2019ൽ 'അർപാ പ്യാരി കെ ധർ' എന്നത് സംസ്ഥാന ഗാനമായി അദ്ദേഹം കൊണ്ടുവന്നിരുന്നു. ഈ തന്ത്രം സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന കോൺഗ്രസ് വാദത്തിന് ശക്തി പകരുന്നതായി രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു.
ദേശീയ തലത്തിൽ വിവിധ ചിഹ്നങ്ങളെ ഉപേയാഗിച്ച് ഭരണം പിടിക്കുന്ന ബിജെപി രീതിക്ക് ബദലായി പ്രാദേശിക ചിഹ്നങ്ങളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ബാഗൽ പയറ്റുന്നത്. ഹിന്ദു മത ചിഹ്നങ്ങൾ ഉപയോഗിച്ചാണ് പ്രതിപക്ഷത്തെ ഇദ്ദേഹം നേരിടുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാറിന്റെ പ്രധാനപദ്ധതികളിലൊന്നാണ് രാം വൻ ഗമൻ പര്യാതൻ പരിപാഥ് എന്ന ടൂറിസം സർക്യൂട്ട്. അയോധ്യയിൽനിന്ന് വാനവാസത്തിനിറങ്ങിയ രാമന്റെ പാത കൂട്ടിയിണക്കുന്നതാണ് ഈ പദ്ധതി. സൗമ്യനും മാന്യനുമായ ശ്രീരാമനെ ബിജെപിയും ആർഎസ്എസ്സും കുപിതനായ ആയുധധാരിയാക്കുന്നതായും ഹനുമാനെ ദേഷ്യത്തിന്റെ ചിഹ്നമാക്കുന്നതായും ബാഗൽ കുറ്റപ്പെടുത്തിയിരുന്നു.
ബിജെപിയെ അവരുടെ രീതിയിൽ തന്നെ കളിച്ച് പരാജയപ്പെടുത്താനാണ് ചത്തീസ്ഗഢ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ഒരു മുൻ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ബാഗൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ''നിങ്ങൾ സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല. സാധാരണക്കാർ അസന്തുഷ്ടരാണെങ്കിൽ അവർ ചിഹ്നങ്ങൾ ശ്രദ്ധിക്കില്ല. ജനങ്ങൾക്കായി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല' ബാഗൽ സർക്കാറിനെ വിമർശിച്ച് ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.
Congress government in Chhattisgarh with symbol Chhattisgarh Mahatari for the state