അനുമതിയില്ലാതെ മൊബൈൽ ഫോൺ സംഭാഷണം ചോർത്തുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി
ഭാര്യയുടെ ഫോൺ സംഭാഷണം ഭർത്താവ് ചോർത്തിയ സംഭവത്തിലാണ് കോടതി വിധി.
ബിലാസ്പൂർ: മുൻകൂർ അനുമതിയില്ലാതെ ഒരു വ്യക്തിയുടെ മൊബൈൽ ഫോൺ സംഭാഷണം ചോർത്തുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള സ്വകാര്യതയുടെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭർത്താവ് തന്റെ ഫോൺ സംഭാഷണം ചോർത്തിയതിനെതിരെ 38കാരിയായ യുവതി നൽകിയ ഹരജിയിലാണ് കോടതി പരാമർശം.
യുവതി ജീവനാംശം ആവശ്യപ്പെട്ട് ഭർത്താവിനെതിരെ 2019ൽ മഹാസമുന്ദ് ജില്ലയിലെ കുടുംബ കോടതിയിൽ ഹരജി നൽകിയിരുന്നു. ഭാര്യയുടെ ചില സംഭാഷണങ്ങൾ താൻ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും അവരെ ക്രോസ് വിസ്താരം ചെയ്യണമെന്നും ഭർത്താവ് കോടതിയിൽ ആവശ്യപ്പെട്ടു. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്നും അതിനാൽ ജീവനാംശം നൽകേണ്ടതില്ലെന്നുമാണ് ഭർത്താവ് കുടുംബ കോടതിയിൽ പറഞ്ഞത്.
2021 ഒക്ടോബർ 21ന് ഭർത്താവിന്റെ ഹരജി അംഗീകരിച്ച കുടുംബ കോടതി ക്രോസ് വിസ്താരത്തിന് അനുമതി നൽകി. ഇത് ചോദ്യം ചെയ്താണ് 2022ൽ യുവതി ഛത്തീസ്ഗഡ് ഹൈക്കോടതിയെ സമീപിച്ചത്. കുടുംബ കോടതി നിയമപരമായ പിശക് വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് രാകേഷ് മോഹൻ പാണ്ഡെ വിധി റദ്ദാക്കിയത്.