ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് ചാരക്കപ്പലുകൾ; ജാഗ്രതയിൽ നാവികസേന
ഇന്ത്യൻ മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കുന്നുവെന്ന് സംശയം
മാലദ്യീപ്: ചൈനീസ് പ്രതിരോധ കരാറിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ച് രണ്ട് ചൈനീസ് ചാരകപ്പലുകൾ. ഇരട്ട കപ്പലുകളായ സിയാങ് യാങ് ഹോങ് 01,03 എന്നീ ഇരട്ട കപ്പലുകളാണ് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. സിയാങ് യാങ് ഹോങ് 03 മാലദ്വീപിൽ നങ്കൂരമിട്ട നിലയിലാണ്, എന്നാൽ 01 ബംഗാൾ ഉൾക്കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ കപ്പൽ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലേക്ക് നിങ്ങുന്നതായാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ സൂചന.
ചരക്കിറക്കുന്നതിനും ഇന്ധനം നിറക്കുന്നതിനുമായാണ് സിയാങ് യാങ് ഹോങ് 03 ഫെബ്രുവരി 22ന് മാലദ്വീപിൽ നങ്കൂരമിട്ടതെന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ കപ്പൽ മാലദ്വീപിന്റെ അതിർത്തി ഭാഗങ്ങളിലുടെ സഞ്ചരിക്കുന്നതായി നാവികസേന നിരീക്ഷണം നടത്തിയിട്ടുണ്ട്. സഞ്ചാരപാത മറച്ചുവെച്ചുകൊണ്ടാണ് കപ്പലിന്റെ യാത്ര.
ചൈനീസ് കപ്പലുകൾക്ക് ശ്രീലങ്കയിൽ നങ്കൂരമിടാനുള്ള അനുവാദം 2023 ഡിസംബറിൽ അവസാനിച്ചുവെന്നിരിക്കെ സിയാങ് യാങ് ഹോങ് 01 ശ്രീലങ്കയിലേക്ക് നീങ്ങുന്നത് സംശയം ജനിപ്പിക്കുന്നു.
അന്തർവാഹിനികളുടെ പ്രവർത്തനത്തിനായി, കപ്പൽ പാത, കടലിന്റെ ഒഴുക്ക് എന്നിവ പഠിക്കുകയാണ് കപ്പലുകളുടെ പ്രധാന ലക്ഷ്യം, എന്നാൽ ബാലസോറിലെ മിസൈലുകളുടെ പരീക്ഷണങ്ങൾ നിരീക്ഷിക്കുക, വിശാഖപട്ടണം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ആണവ അന്തർവാഹിനി നിരീക്ഷിക്കുക എന്നിവകൂടിയാണ് ചൈനീസ് ചാരക്കപ്പലുകളുടെ ലക്ഷ്യമെന്ന് നാവിക സുരക്ഷാ ഉദ്യോഗസ്ഥർ കണക്കുക്കൂട്ടുന്നു.
ആണവശക്തിയുള്ള മൂന്ന് അന്തർവാഹിനികളാണ് ഇന്ത്യയ്ക്കുള്ളത്. ഇവയിൽ ആണവശക്തിയുള്ള മിസൈലുകളുമുണ്ട്. ഇതിലൊരു അന്തർവാഹിനി നിലവിൽ വിശാഖപട്ടണത്ത് ആഴക്കടൽ പരീക്ഷണങ്ങളിലേർപ്പെട്ടിരിക്കുകയാണ്.
ഇന്ത്യൻ അന്തർവാഹിനികളെയും മിസൈൽ പരീക്ഷണമേഖലകളെയും ചൈനീസ് ചാര ഉപഗ്രഹങ്ങളുമായി കോർഡിനേറ്റ് ചെയ്യാൻ ശ്രമിക്കുകയാണ് ചാരക്കപ്പലുകളെന്നു വിദഗ്ദർ കരുതുന്നു.
സിയാങ് യാങ് ഹോങ് 01ന് അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ പ്രവർത്തിക്കാൻ അനുവാദമുണ്ടെങ്കിലും ആദ്യമായാണ് കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിയോട് ചേർന്ന് സഞ്ചരിക്കുന്നത്.