ചിന്തൻ ശിബിരിന്‍റെ അജണ്ട നിശ്ചയിക്കാനായുള്ള കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്
യോഗത്തിനു മുന്നോടിയായി ഉപസമിതി കൺവീനർമാരുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തും
ഡല്‍ഹി: ചിന്തൻ ശിബിരിന്‍റെ അജണ്ട നിശ്ചയിക്കാനായുള്ള കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. എ.ഐ.സി.സി ആസ്ഥാനത്താണ് വൈകിട്ട് നാലരയ്ക്കാണ് യോഗം. യോഗത്തിനു മുന്നോടിയായി ഉപസമിതി കൺവീനർമാരുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ അഞ്ച് നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കടുത്ത വിമത സ്വരം ഉയർന്നത്തോടെയാണ് ചിന്തൻ ശിബിർ ചേരാൻ കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചത്. സംഘടന തലത്തിൽ സമൂലമായ അഴിച്ചുപണിയാണ് പല ഉപസമിതികളും മുന്നോട്ടുവച്ചിരിക്കുന്നത്. സംഘടന, രാഷ്ട്രീയം, സാമ്പത്തികം, സാമൂഹിക നീതി, കൃഷി, യുവജനങ്ങൾ,എന്നീ മേഖലകളുമായി ബന്ധപ്പെട്ട് പ്രമേയങ്ങൾ അവതരിപ്പിക്കും.
യുവ - ദലിത് പിന്നാക്ക പ്രാതിനിധ്യം ഉറപ്പാക്കും. 1998, 2003, 2013 വർഷങ്ങളിലാണ് ഇതിന് മുമ്പ് ചിന്തൻ ശിബിർ ചേർന്നിട്ടുള്ളത്. അവസാന ചിന്തൻ ശിബിരിന് ശേഷം വന്ന യുപിഎ സർക്കാരിന് ഒരു ദശാബ്ദം ഭരണത്തിൽ തുടരാനായി.നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം കോൺഗ്രസ് ആദ്യമായ് നടത്തുന്ന ചിന്തൻ ശിബിരമാണിത്. രാവിലെ പത്തരയ്ക്ക് ചേരുന്ന ഉപസമിതി കൺവീനർമാരുടെ യോഗത്തിൽ റിപ്പോർട്ടിനു അന്തിമ രൂപം നൽകും. പ്രവർത്തക സമിതിയുടെ അംഗീകാരം നേടുന്നതോടെ നിർദേശങ്ങൾ ചിന്തൻ ശിബരിൽ ചർച്ചയ്ക്ക് വേണ്ടി സമർപ്പിക്കും.