ജാമിഅ മില്ലിയ്യയിൽ സംഘർഷം; മലയാളി വിദ്യാർഥികളടക്കം പൊലീസ് കസ്റ്റഡിയിൽ
ആറു മണിക്ക് വിവാദ ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് എസ്.എഫ്.ഐ അടക്കമുള്ള വിദ്യാർഥി സംഘടനകള്‍
ന്യൂഡൽഹി: വിദ്യാർഥികളെ കരുതൽ തടങ്കലിൽവെച്ചതിനെതിരെ ജാമിഅ മില്ലിയ സർവകലാശാലയിൽ പ്രതിഷേധം. പൊലീസും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി. പ്രകോപനം കൂടാതെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ ബി.ബി.സി ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തൊട്ടുപിന്നാലെ വിദ്യാർഥികൾ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്.
പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് വലിച്ചിഴച്ച് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റിയിലെ എല്ലാ ഗേറ്റുകളും ഇതിനോടകം അടച്ചിട്ടുണ്ട്. നിരവധി വിദ്യാർഥികൾ ക്യാമ്പസിനു മുന്നിൽ പ്രതിഷേധം തുടരുകയാണ്. എൻ.എസ്.യു നേതാവ് അബ്ദുൽ ഹമീദിനെയും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സെക്രട്ടറി ലുബൈബിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ക്യാമ്പസിന് അകത്തുള്ളവരെ പുറത്തിറങ്ങാനും പൊലീസ് അനുവദിക്കുന്നില്ല.
ക്യാമ്പസിനടുത്ത്നിന്ന് പ്രതിഷേധക്കാരെ നീക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. എന്തുവന്നാലും ആറു മണിക്ക് വിവാദ ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് എസ്.എഫ്.ഐ അടക്കമുള്ള വിദ്യാർഥി സംഘടനകള്‍. ഇതിനോടകം പൊലീസ് ആറ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രതിഷേധത്തിന്റെ ഭാഗമാകാത്ത വിദ്യാർഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. മാധ്യമങ്ങളോട് സംസാരിച്ച വിദ്യാർഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ ബി.ബി.സി ഡോക്യുമെന്ററി പ്രദർശനത്തിന് വിലക്കേർപ്പെടുത്തി ജാമിഅ മില്ലിയ്യ സർവകലാശാല നേരത്തെ രംഗത്തെത്തിയിരുന്നു. ക്യാമ്പസിൽ അനധികൃത ഒത്തുചേരലുകൾ അനുവദിക്കില്ലെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കിയതാണ്. സർവകലാശാലയിലെ അഞ്ച് വിദ്യാർഥികളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എൻ.എസ്.യു.ഐ, എസ്.എഫ്.ഐ പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സർവാകലാശാലയിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചവരിൽ പ്രമുഖരാണിവർ. ഇവരെ കസ്റ്റഡിയിലെടുത്ത് ഡോക്യുമെന്ററി പ്രദർശനം തടയുകയെന്നതായിരുന്നു ഡൽഹി പൊലീസിന്റെ ലക്ഷ്യം.
സംഘർഷ സാധ്യത കണക്കിലെടുത്ത് ക്യാമ്പസിന് പുറത്തായി വലിയ പൊലീസ് സന്നാഹമാണ് നിലയിറുപ്പിച്ചത്. ഒരുതരത്തിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കില്ലെന്ന് തന്നെയാണ് സർവകലാശാലയുടെ നിലപാട്. അനധികൃതമായി ആരെങ്കിലും കൂട്ടം കൂടുകയാണെങ്കിൽ അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർവകലാശാല അറിയിച്ചിരുന്നു. ഇന്നലെ ജെ.എൻ.യുവിലുണ്ടായ പ്രതിഷേധങ്ങളും മറ്റും മുന്നിൽ കണ്ട് പൊലീസ് ക്യാമ്പസിന് പുറത്ത് നിലയുറപ്പിക്കുകയായിരുന്നു. വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തതിനെതിരെ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ പരിപാടിക്ക് നിരവധി വിദ്യാർഥി സംഘടനകളാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.