‘എന്തുകൊണ്ടാണ് മണിപ്പൂരിൽ പോയി മാപ്പ് പറയാത്തത്’; മോദിക്കെതിരെ വീണ്ടും കോൺഗ്രസ്
മണിപ്പൂർ കലാപത്തിൽ മുഖ്യമന്ത്രി ബീരേൻ സിങ് ചൊവ്വാഴ്ച ക്ഷമാപണം നടത്തിയിരുന്നു
ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ മുഖ്യമന്ത്രി ബീരേൻ സിങ്ങിന്റെ ക്ഷമാപണത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ജയറാം രമേശ്. രാജ്യത്തും വിദേശത്തുമായി ചുറ്റിക്കറങ്ങുന്ന മോദിക്ക് എന്തുകൊണ്ട് ഇത്രയും വലിയ കലാപമുണ്ടായിട്ടും മണിപ്പൂർ സന്ദർശിക്കാനോ ജനങ്ങളെ അഭിസംബോധന ചെയ്യാനോ കഴിഞ്ഞില്ല. എന്തുകൊണ്ടാണ് അദ്ദേഹം ബീരേൻ സിങ്ങിനെപ്പോലെ ക്ഷമാപണം നടത്താത്തതെന്നും ജയറാം രമേശ് ചോദിച്ചു.
മണിപ്പൂരിൽ നടന്ന നിർഭാഗ്യകരമായ സംഭവങ്ങളിൽ ക്ഷമ ചോദിച്ച് മുഖ്യമന്ത്രി ബീരേൻ സിങ്ങ് ചൊവ്വാഴ്ച രംഗത്തുവന്നിരുന്നു. സംഭവിച്ചത് സംഭവിച്ചു. ഞാൻ വലിയ ദുഃഖത്തിലാണ്. എല്ലാം മറക്കണം. അടുത്ത വർഷം തന്നെ സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരും. നമുക്കൊരുമിച്ച് മണിപ്പൂരിൽ സമാധാനം വീണ്ടെടുക്കാമെന്നും ബീരേൻ സിങ് പറഞ്ഞു.
അതേസമയം, ബീരേൻ സിങ്ങിന്റെ പ്രസ്താവന പുറത്തുവന്ന ശേഷവും മണിപ്പൂരിൽ അക്രമ സംഭവങ്ങൾ അരങ്ങേറി. കുക്കി വനിതകളും സുരക്ഷാ സേനയും തമ്മിൽ ചൊവ്വാഴ്ച സംഘർഷമുണ്ടായി. കാങ്പോക്പി ജില്ലയിലാണ് സംഭവം.
കഴിഞ്ഞവർഷം സംസ്ഥാനത്ത് മെയ്തെയ് വിഭാഗത്തിന് എസ്ടി പദവി നൽകുന്നത് പരിഗണിക്കാൻ മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചതിനെ തുടർന്നാണ് മെയ്തെയ്കളും കുക്കികളും തമ്മിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ ഏകദേശം 250ലധികം പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർ കുടിയിറക്കപ്പെടുകയും ചെയ്തു.