ലോക്സഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം നാളെ
കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കണമെന്ന് തെരഞ്ഞെടുപ്പ് സമിതി തീരുമാനം.
ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും. ഇന്നുചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചു. കേരളത്തിലെ സ്ഥാനാർഥി ചർച്ചകളും പൂർത്തിയായി. കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി തീരുമാനം. കർണാടക, തെലങ്കാന, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സ്ഥാനാർഥി നിർണയ ചർച്ചയാണ് ഇന്ന് നടന്നത്. ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന യോഗത്തിൽ രാഹുൽ ഗാന്ധി വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു.
കേരളത്തിൽ വയനാട്, ആലപ്പുഴ, കണ്ണൂർ മണ്ഡലങ്ങളുടെ കാര്യത്തിലാണ് അനിശ്ചിതത്വമുണ്ടായിരുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ.സുധാകരനും മത്സരിക്കാൻ തീരുമാനമായാൽ ആലപ്പുഴയിൽ സാമുദായിക പ്രാതിനിധ്യമനുസരിച്ച് ഒരു മുസ്‍ലിം സ്ഥാനാർഥി വരണം. അതേസമയം, കണ്ണൂരിൽ തന്നെ പരിഗണിക്കരുതെന്ന് ടി.സിദ്ദിഖ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. സുധാകരന് പകരം ടി.സിദ്ദിഖിനെ പരിഗണിക്കുന്നതായി വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കിയത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ പ്രചാരണ കമ്മിറ്റി ചെയർമാനാകാൻ രമേശ് ചെന്നിത്തലയോട് കോൺഗ്രസ് ഹൈക്കമാന്റ് അഭിപ്രായം തേടി. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമൊപ്പം രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നു.