'കോൺഗ്രസ് പുതിയ മുസ്‌ലിം ലീഗ്'; വിമർശനവുമായി ബി.ജെ.പി

കർണാടകയിൽ മതപരിവർത്തന നിരോധന നിയമം റദ്ദാക്കിയതിനെതിരെയാണ് ബി.ജെ.പി നേതാക്കളുടെ വിമർശനം

Update: 2023-06-15 16:35 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: മതപരിവർത്തന നിരോധന നിയമം റദ്ദാക്കിയ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ വിമർശിച്ച് ബി.ജെ.പി. കോൺഗ്രസ് പുതിയ മുസ്‌ലിം ലീഗായി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി കുറ്റപ്പെടുത്തി. ഹിന്ദുക്കളെ തുടച്ചുനീക്കാനാണ് കോൺഗ്രസ് നീക്കമെന്നും ഇതാണോ 'സ്‌നേഹത്തിന്റെ കട'യെന്നും രാഹുൽ ഗാന്ധിയെ ടാഗ് ചെയ്ത് മുൻ കേന്ദ്ര മന്ത്രി കൂടിയായ ബി.ജെ.പി എം.എൽ.എ ബസനഗൗഡ ആർ. പാട്ടീൽ ട്വീറ്റ് ചെയ്തു.

ബി.ജെ.പി സർക്കാർ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം ഹിന്ദുവിരുദ്ധ കോൺഗ്രസും മുഖ്യമന്ത്രി സിദ്ധരാമയ്യയും റദ്ദാക്കുന്ന കാര്യം മതംമാറ്റ മാഫിയ ഉറപ്പാക്കിയിരിക്കുകയാണെന്ന് സി.ടി രവി ട്വീറ്റ് ചെയ്തു. ജനസൗഹൃദപരമായ നടപടികൾക്കു പകരം മതപരിവർത്തനമാണ് വർഗീയശക്തിയായ കോൺഗ്രസ് കന്നഡ ജനങ്ങൾക്കു നൽകിയിരിക്കുന്നത്. കോൺഗ്രസ് പുതിയ മുസ്‌ലിം ലീഗാണ്. ഹിന്ദുക്കളെ വേദനിപ്പിക്കാൻ അവർ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം ആരോപിച്ചു.

'സിദ്ധരാമയ്യയുടെ ഹിന്ദു വിരുദ്ധ അജണ്ടയാണ് പുറത്തായിരിക്കുന്നത്. ഹിന്ദുക്കളെ തുടച്ചുനീക്കാനാണോ നിങ്ങൾ ശ്രമിക്കുന്നത്? മതപരിവർത്തന മാഫിയ സിദ്ധരാമയ്യയെയും അദ്ദേഹത്തിന്റെ മന്ത്രിസഭയെയും സ്വാധീനിച്ചാണ് ബി.ജെ.പി കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം പിൻവലിപ്പിച്ചത്. ഇതിലൂടെ സിദ്ധരാമയ്യയുടെ ഹിന്ദുവിരുദ്ധ നിലപാട് വീണ്ടും പിന്തുടരുകയാണ് കോൺഗ്രസ്'-ബസനഗൗഡ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മതപരിവർത്തന നിരോധന നിയമം റദ്ദാക്കാൻ തീരുമാനമായത്. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ 2021 ഡിസംബറിലാണ് നിയമം കർണാടക നിയമസഭയിൽ അവതരിപ്പിച്ചത്. പിന്നീട് ഓർഡിനൻസിലൂടെ നിയമം കൊണ്ടുവരികയായിരുന്നു. 2022 മേയ് 17ന് കർണാടക ഗവർണർ തവാർചന്ദ് ഗെഹ്ലോട്ട് ഓർഡിനൻസിന് അംഗീകാരവും നൽകി.

നിയമത്തിനെതിരെ കോൺഗ്രസ് അടക്കം പ്രതിപക്ഷം ശക്തമായി രംഗത്തുണ്ടായിരുന്നു. ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധ വേട്ടയുടെ ഭാഗമാണ് നിയമമെന്നായിരുന്നു കോൺഗ്രസ് ആരോപിച്ചത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ പുതിയ കോൺഗ്രസ് സർക്കാർ കർണാടകയിൽ അധികാരമേറ്റതിനു പിന്നാലെ മുൻ ബി.ജെ.പി സർക്കാരിൻരെ നിരവധി നിയമങ്ങൾ പുനഃപരിശോധിക്കാൻ തീരുമാനമെടുത്തിരുന്നു. സ്ഥാപകനേതാവ് കെ.ബി ഹെഡ്ഗെവാർ ഉൾപ്പെടെയുള്ള ആർ.എസ്.എസ് നേതാക്കളെക്കുറിച്ചുള്ള പാഠങ്ങൾ പാഠ്യപദ്ധതിയിൽനിന്ന് നീക്കം ചെയ്യാൻ മന്ത്രിസഭ ദിവസങ്ങൾക്കുമുൻപ് തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടനാ ആമുഖം വായിക്കൽ നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.

Summary: Congress is 'new Muslim League', says BJP after Karnataka Cabinet decision to repeal anti-conversion law

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News