ബിജെപിക്കാരും അവർക്ക് വോട്ട് ചെയ്യുന്നവരും രാക്ഷസന്മാരെന്ന് പരാമർശം; കോൺഗ്രസ് നേതാവ് വിവാദത്തിൽ
രാജ്യസഭാ എംപി കൂടിയായ രൺദീപ് സുർജെവാലയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഹരിയാനയിലെ കെയ്താളിൽ നടന്ന കോൺഗ്രസ് റാലിയിലായിരുന്നു പരാമർശം
ബിജെപി നേതാക്കളെയും അനുയായികളെയും രാക്ഷസന്മാരെന്ന് പരാമർശിച്ച കോൺഗ്രസ് നേതാവ് വിവാദത്തിൽ. രാജ്യസഭാ എംപി കൂടിയായ രൺദീപ് സുർജെവാലയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഹരിയാനയിലെ കെയ്താളിൽ നടന്ന കോൺഗ്രസ് റാലിയിലായിരുന്നു പരാമർശം.
ബിജെപിക്കാരും അവർക്ക് വോട്ട് ചെയ്യുന്നവരും രാക്ഷസന്മാരാണെന്നാണ് റാലിയിൽ രൺദീപ് പറഞ്ഞത്. അവരെ മഹാഭാരത യുദ്ധം നടന്ന നാട്ടിൽ നിന്ന് താൻ ശപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
രൺദീപിന്റെ പരാമർശം ഏറ്റെടുത്ത ബിജെപി നേതാക്കൾ വലിയ രീതിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പരാമർശം കൊണ്ടാണ് കോൺഗ്രസ് പ്രതിപക്ഷത്ത് തന്നെ ഇരിക്കുന്നതെന്നും തുടർച്ചയായ പരാജയങ്ങൾ കോൺഗ്രസിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കിയെന്നുമായിരുന്നു കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ പ്രതികരണം. രാജകുമാരനെ വീണ്ടും വീണ്ടും ഉയർത്തിക്കാട്ടുന്നതിൽ പരാജയപ്പെട്ട കോൺഗ്രസ് ഇപ്പോൾ പൊതുജനത്തിന് നേരെ തിരിഞ്ഞിരിക്കുകയാണെന്ന് ബിജെപി വക്താവ് സമ്പിത് പത്ര അഭിപ്രായപ്പെട്ടു.
സാധാരണ ജനങ്ങൾ രാക്ഷസന്മാരെന്നാണോ രാഹുലും സോണിയയും പറഞ്ഞു വയ്ക്കുന്നതെന്നും സ്‌നേഹത്തിന്റെ കടയെന്നാൽ ഇതാണോയെന്നുമായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്റെ ചോദ്യം.
എന്നാൽ ജനപ്രതിനിധിയെന്ന നിലയ്ക്ക് സാമൂഹിക പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുക തന്റെ കടമയാണെന്നാണ് വിവാദങ്ങളോട് രൺദീപ് പ്രതികരിച്ചത്. വെറുപ്പും വിദ്വേഷവും പടർത്തി സമൂഹത്തെ ഭിന്നിപ്പിക്കുന്നവർ രാക്ഷസന്മാർ തന്നെയാണെന്നും ജനങ്ങൾക്ക് വേണ്ടി തന്നെ താനിനിയും പ്രവർത്തിക്കുമെന്നും അദ്ദേഹം മറുപടി പറഞ്ഞു.