'എല്ലാം കേന്ദ്രസർക്കാറിന്റെ കൈകളിൽ, ആശ്രയം പദയാത്ര മാത്രം'; ബിജെപി ഭരിക്കുന്ന കർണാടകയിൽ 21 ദിന ഭാരത് ജോഡോ യാത്രയുമായി രാഹുൽ
എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും മാധ്യമങ്ങളും മറ്റു ഏജൻസികളും തങ്ങളുടെ വാതിലുകൾ പ്രതിപക്ഷത്തിന് മുമ്പിൽ കൊട്ടിയടച്ചിരിക്കുകയാണെന്നു രാഹുൽ ഗാന്ധി
ഗുണ്ടൽപേട്ട: ബിജെപി ഭരിക്കുന്ന കർണാടകയിൽ 21 ദിവസത്തെ ഭാരത് ജോഡോയാത്ര തുടങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്തെ 511 കിലോമീറ്റർ ദൂരമുള്ള യാത്ര 21 ദിവസം കൊണ്ടാണ് പൂർത്തിയാക്കുക. സംസ്ഥാന സർക്കാറിന്റെ അഴിമതിയടക്കമുള്ള വിഷയങ്ങൾ യാത്രയിൽ ഉയർത്തിക്കാട്ടുമെന്ന് രാഹുൽ പറഞ്ഞു. ചാമരാജ് നഗർ ജില്ലയിലെ സംസ്ഥാന അതിർത്തിയായ ഗുണ്ടൽപേട്ടിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഭാരത് ജോഡോ യാത്ര രാജ്യത്തിന്റെയാകെ ശബ്ദമാണ്. മുഴുവൻ ഇന്ത്യയും അവരുടെ വേദനകൾ യാത്രയിലൂടെ പങ്കുവെക്കുകയാണ്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, കർഷക ദ്രോഹ നടപടികൾ, പൊതുസ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം തുടങ്ങിയവയെ കുറിച്ചു ആശങ്കകൾ ജനങ്ങൾ പങ്കുവെക്കുന്നു' രാഹുൽ ചൂണ്ടിക്കാട്ടി.
എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും മാധ്യമങ്ങളും മറ്റു ഏജൻസികളും തങ്ങളുടെ വാതിലുകൾ പ്രതിപക്ഷത്തിന് മുമ്പിൽ കൊട്ടിയടച്ചിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. 'എല്ലാ നിയന്ത്രണവും കേന്ദ്ര സർക്കാറിന്റെ കയ്യിലാണ്. പാർലമെൻറിൽ സംസാരിക്കുമ്പോൾ അവർ നമ്മുടെ മൈക്രോഫോണുകൾ നിശബ്ദമാക്കുന്നു. ഈ പദയാത്ര മാത്രമാണ് ബാക്കിയുള്ള ഏക വഴി. ഈ യാത്ര തടയാൻ ആർക്കുമാകില്ല.' രാഹുൽ ഓർമിപ്പിച്ചു. ഗുണ്ടൽപേട്ടയിൽനിന്ന് ബേഗൂരിലേക്കാണ് യാത്ര നടക്കുന്നത്. അവിടെ സോളിഗ ഗോത്ര വിഭാഗവുമായും ഓക്‌സിജൻ ക്ഷാമം മൂലം കോവിഡ് കാലത്ത് മരിച്ചവരുടെ ബന്ധുക്കളുമായും രാഹുൽ സംവദിക്കും.
ഉദ്ഘാടന ചടങ്ങിൽ കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും പങ്കെടുത്തു. സംസ്ഥാനത്തുള്ളത്ത് 40 ശതമാനം കമ്മീഷൻ സർക്കാറാണെന്ന് അദ്ദേഹം വിമർശിച്ചു. കർണാടക സ്‌റ്റേറ്റ് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷന്റെ ആരോപണം മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. അടുത്ത ആറു മാസത്തിനുള്ളിൽ കോൺഗ്രസ് ശക്തി വീണ്ടെടുക്കുമെന്നും 2023ൽ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപിയുമായി കൈകോർത്ത പൊലീസുകാരെ അപ്പോൾ പാഠം പഠിപ്പിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
സെപ്തംബർ 29നാണ് ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം അവസാനിച്ചത്. അന്ന് ഉച്ചയോടെ വഴിക്കടവ് മണിമൂളിയിൽ സമാപിച്ചു. തുടർന്ന് തമിഴ്നാട്ടിലേക്കും പിന്നാലെ കർണാടകയിലേക്കുമാണ് യാത്ര പ്രവേശിക്കുകയുമായിരുന്നു. ഗൂഡല്ലൂരിലാണ് തമിഴ്‌നാട്ടിലെ അവസാന സ്വീകരണം നടന്നത്. ഗുണ്ടൽപേട്ടയിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് ഗൂഡല്ലൂർ. ബന്ദിപൂർ ടൈഗർ റിസർവിലൂടെയുള്ള യാത്ര ഒഴിവാക്കി, ഗുണ്ടൽപേട്ടയിൽ നിന്ന് യാത്ര തുടരുകയായിരുന്നു.
അതിനിടെ, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തീവ്രവാദ പ്രവർത്തനങ്ങളെ സഹായിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും നിരോധിക്കണമെന്ന് കർണാടക ബിജെപി തലവൻ നളിൻ കുമാർ കട്ടീൽ ആവശ്യപ്പെട്ടു. പോപുലർ ഫ്രണ്ടിനെ നിരോധിച്ച് രണ്ടു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'നമ്മുടെ രാജ്യത്ത് കോൺഗ്രസിനെയും നിരോധിക്കണം. കാരണം പി.എഫ്.ഐ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്ഡിപിഐ), കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റി (കെഎഫ്ഡി) എന്നിവയെല്ലാം ആഭ്യന്തര സുരക്ഷക്ക് ഭീഷണിയായത് കോൺഗ്രസ് അവരെ സഹായം നൽകുകയും ശക്തി പകരുകയും ചെയ്തത് കൊണ്ടാണ്' ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി.
'സ്വാതന്ത്ര്യം നേടിയതിന് ശേഷം കോൺഗ്രസ് ഭരിച്ചാൽ രാജ്യവും പാർട്ടി തന്നെയും നശിക്കുമെന്ന് മഹാത്മാ ഗാന്ധിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം സ്വാതന്ത്ര്യത്തിന് ശേഷം പാർട്ടി പിരിച്ചുവിടാൻ ആവശ്യപ്പെട്ടത്' നളിൻ കുമാർ ചൂണ്ടിക്കാട്ടി.
28ാം തിയ്യതിയാണ് പോപുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടൊപ്പം കാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസെഷൻ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. യുപി, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ശിപാർശ കൂടി കണക്കിലെടുത്താണ് നിരോധനം. രാഷ്ട്രീയ കൊലപാതകങ്ങൾ കൂടി നിരോധനത്തിന് കാരണമായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പി.എഫ്.ഐയ്ക്ക് ഐ.എസ്, ജമാഅത്തുൽ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രം ആരോപിച്ചിരുന്നു.
Congress leader Rahul Gandhi started a 21-day Bharat Jodoyatra in BJP-ruled Karnataka