പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം; പഞ്ചാബ് കോണ്‍ഗ്രസ് എം.എല്‍.എയെ സസ്പെന്‍ഡ് ചെയ്തു
ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ഡിസിപ്ലിനറി ആക്ഷന്‍ കമ്മിറ്റിയാണ് സസ്പെന്‍ഡ് ചെയ്തത്
ചണ്ഡീഗഡ്: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അബോഹറിലെ സിറ്റിംഗ് നിയമസഭാംഗമായ സന്ദീപ് ജാഖറിനെ സസ്പെൻഡ് ചെയ്തു. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ഡിസിപ്ലിനറി ആക്ഷന്‍ കമ്മിറ്റിയാണ് സസ്പെന്‍ഡ് ചെയ്തത്. പഞ്ചാബ് ബി.ജെ.പി അധ്യക്ഷൻ സുനിൽ ജാഖറിന്‍റെ അനന്തരവനാണ് സന്ദീപ്.
ഗുരുദാസ്പൂർ സീറ്റിൽ നിന്നുള്ള മുൻ എം.പിയും അബോഹറിൽ നിന്ന് മൂന്ന് തവണ എംഎൽഎയുമായ സുനിൽ ജാഖർ (69) കഴിഞ്ഞ വർഷം ബി.ജെ.പിയിൽ ചേരുകയും ഈ വർഷം ജൂലൈ 4 ന് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റായി ചുമതലയേറ്റെടുക്കുകയും ചെയ്തു.പഞ്ചാബ് കോൺഗ്രസിന്‍റെ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഹിന്ദു നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.
പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗിന്‍റെ ശിപാർശ പ്രകാരമാണ് സന്ദീപിനെ സസ്‌പെൻഡ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സന്ദീപ് പാർട്ടി സംസ്ഥാന അധ്യക്ഷനെതിരെയും അമ്മാവൻ സുനിൽ ജാഖറിനെ ന്യായീകരിച്ചും സംസാരിക്കുകയായിരുന്നുവെന്ന് എഐസിസി ഡിഎസി പറഞ്ഞു.കൂടാതെ സന്ദീപ് പാർട്ടി പരിപാടികളിൽ പങ്കെടുത്തിരുന്നില്ല. പാർട്ടി പരിപാടികളിൽ പങ്കെടുക്കാത്തതും ബി.ജെ.പിയുടെ കൊടി പ്രദർശിപ്പിക്കുന്ന പൊതുസ്ഥലത്ത് താമസിച്ചു പാർട്ടിക്കും സംസ്ഥാന അധ്യക്ഷനുമെതിരെ പ്രസ്താവനകൾ നടത്തിയതും സന്ദീപിനെതിരായ ആരോപണങ്ങളാണ്.